ഹജ്ജ് തീർഥാടകർ യാത്രയുടെ 10 ദിവസം മുമ്പ് വാക്സിൻ എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

ദുബൈ: ഹജ്ജ് തീർഥാടന യാത്രയുടെ 10 ദിവസം മുമ്പു തന്നെ യു.എ.ഇയിൽ നിന്നുള്ള ഹാജിമാർ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവിസസ് (ഇ.എച്ച്.എസ്) അഭ്യർഥിച്ചു. തീർഥാടന സമയങ്ങളിൽ പകർച്ചവ്യാധികളുടെ അപകട സാധ്യത കുറക്കുന്നതിനാണ് നിർദേശം. നേരത്തെ വാക്സിൻ എടുക്കുന്നതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി കൈവരിക്കാൻ വേണ്ടത്ര സമയം ലഭിക്കും. പ്രത്യേകിച്ച് വലിയ രീതിയിലുള്ള ഒരുമിച്ച് ചേരലുകളും ശാരീരികമായ കർമങ്ങളും ആവശ്യമായി വരുന്ന ഹജ്ജ് കർമങ്ങളിൽ രോഗപ്രതിരോധ ശേഷി അത്യാവശ്യമാണെന്നും ഇ.എച്ച്.എസ് വ്യക്തമാക്കി.

ഹാജിമാർക്കായി അടുത്തിടെ ഇറക്കിയ ഏറ്റവും പുതിയ മാർഗനിർദേശങ്ങളിലും നിർബന്ധ പ്രതിരോധ വാക്സിൻ കുത്തിവെപ്പിനെ കുറിച്ച് ഇ.എച്ച്.എസ് എടുത്തുപറഞ്ഞിരുന്നു. ആരോഗ്യാവസ്ഥയും പ്രായവും അനുസരിച്ച് ന്യുമോകോക്കൽ വാക്സിനേഷൻ ആണ് അധികൃതർ ശിപാർശ ചെയ്യുന്നത്. കോവിഡ് 19 വാക്സിനും അധികൃതർ ശിപാർശ ചെയ്യുന്നുണ്ട്. കൂടാതെ യാത്ര ചെയ്യുന്നതിന്‍റെ ഒരു മാസം മുമ്പ് ഡോക്ടറെ കണ്ട് ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ശാരീരികമായ തയ്യാറെടുപ്പ് നടത്തുകയും വേണം. സഹിഷ്ണുത വർധിപ്പിക്കുന്നതിനായി ദിവസവും 30 മിനിറ്റ് നേരം എയറോബിക് വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണെന്നും മാർഗനിർദേശങ്ങളിൽ അധികൃതർ വ്യക്തമാക്കുന്നു.

Tags:    
News Summary - Hajj pilgrims must take vaccine 10 days before travel; Emirates Health Services issues guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.