ഷാർജ: തിരക്കേറിയ ജങ്ഷനുകളിൽ റെഡ് സിഗ്നൽ മറികടക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഷാർജ പൊലീസ്. നിയമലംഘനം നടത്തിയാലുണ്ടാവുന്ന അപകട സാധ്യതകൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഷാർജ പൊലീസിന്‍റെ ബോധവത്കരണ നടപടി. എമിറേറ്റിലെ റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ഗതാഗത നിയമലംഘനങ്ങൾ കുറക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പൊലീസ് സേനയുടെ ഓപ്പറേഷൻസ് സെന്‍ററിനുള്ളിലെ എക്സ്ക്ലൂസീവ് ദൃശ്യങ്ങളും തത്സമയ നിരീക്ഷണ ദൃശ്യങ്ങളും സംയോജിപ്പിച്ചുള്ള വീഡിയോ ആണ് ഷാർജ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
റോഡിലുണ്ടാവുന്ന അശ്രദ്ധയുടെ ഒരു നിമിഷം മതി ജീവൻ അപകടത്തിലാക്കാനെന്ന് വീഡിയോ പുറത്തുവിട്ടു കൊണ്ട് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന ഓപറേഷൻ സെന്‍ററിന്‍റെ സംവിധാനങ്ങളാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കൂടാതെ ഉയർന്ന റസല്യൂഷനിലുള്ള ക്യാമറകൾ ഉപയോഗിച്ച് പ്രധാന ജങ്ഷനുകളിലുടനീളം വാഹനങ്ങളുടെ നീക്കം ട്രാക്ക് ചെയ്യാനും അതുവഴി നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താനും കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. യഥാസമയം നിയമലംഘനങ്ങൾ തിരിച്ചറിഞ്ഞ് നിയമ നടപടികൾ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. എമിറേറ്റിലെ തിരക്കേറിയ ജങ്ഷനിൽ വെള്ള നിറത്തിലുള്ള സെഡാൻ കാർ എത്തുന്നതും റെഡ് സിഗ്നൽ തെളിഞ്ഞെങ്കിലും നിർത്താതെ പോകുന്നതും വീഡിയോയിൽ കാണാം. ഇയാളുടെ പെരുമാറ്റം മൂലം ശരിയായ രീതിയിൽ സഞ്ചരിച്ച മറ്റ് വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്കിടേണ്ടി വരുന്നതും കാണാം. തലനാരിഴക്കാണ് അവിടെ അപകടം ഒഴിവായത്. അശ്രദ്ധമായ ഡ്രൈവിങ് എങ്ങനെയാണ് നിരവധി വാഹനങ്ങളെ അപകടത്തിലാക്കുന്നുവെന്നതിനുള്ള മികച്ച ഉദാഹരമാണ് ഈ ദൃശ്യങ്ങൾ എന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.