അബൂദബി: വിവിധ ഇലക്ട്രോണിക് രേഖകളിൽ ഡിജിറ്റൽ അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്ന പൈലറ്റ് പദ്ധതി അവതരിപ്പിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. ഏപ്രിൽ 27 മുതൽ രാജ്യ വ്യാപകമായി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം.
എംബസികൾ ഉൾപ്പെടെ വിവിധ നയതന്ത്ര ഓഫിസുകളിൽ നിന്ന് ലഭ്യമാകുന്ന ഇലക്ട്രോണിക് രേഖകൾക്കുള്ള അറ്റസ്റ്റേഷൻ സേവനങ്ങളിൽ ഡിജിറ്റൽവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരൻമാർ, താമസക്കാർ, സന്ദർശകർ എന്നിവർ ഉൾപ്പെടെ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഡിജിറ്റൽ സംരംഭം നടപ്പിലാക്കുന്നത്. ക്യു.ആർ കോഡുകൾ, റഫറൻസ് നമ്പറുകൾ, ബാർകോഡുകൾ എന്നിവ ഉൾപ്പെടെ ആധുനിക വെരിഫിക്കേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ അറ്റസ്റ്റേഷൻ സാധ്യമാക്കുകയും അതുവഴി വിശ്വസനീയവും സുഗമവുമായ പ്രമാണീകരണ നടപടികൾ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം എക്സ് എകൗണ്ടിലൂടെ വ്യക്തമാക്കി.
പുതിയ സംവിധാനത്തിന് കീഴിൽ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉൾപ്പെടെയുള്ള സംയോജിത ഡിജിറ്റൽ മാർഗങ്ങളിലൂടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മറ്റ് രാജ്യങ്ങളിലെ യു.എ.ഇ എംബസി ഉൾപ്പെടെയുള്ള നയതന്ത്ര ഓഫിസുകളിൽ നിന്നുമുള്ള ഡിജിറ്റൽ അറ്റസ്റ്റേഷൻ സേവനം വേഗത്തിൽ ലഭ്യമാവും. ഇലക്ട്രോണിക് രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിന് പരമ്പരാഗതമായി നടന്നുവരുന്ന നിരവധി നടപടിക്രമങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.