ഷാര്‍ജ: മരംകോച്ചുന്ന തണുപ്പത്ത് വിറക് കത്തിച്ച് ഇറച്ചി ചുടുന്നത് യു.എ.ഇയിലെ മരുഭൂമികളിലും വീടകങ്ങളിലും പതിവാണ്. കേവലം ഭക്ഷണം എന്നതിലുപരി പരമ്പരാഗതമായ നാട്ടറിവുകളാണ് ഇതിനു പിന്നിലുള്ളത്. ശൈത്യകാലത്ത് ആരോഗ്യം കൃത്യമായി നിലനിർത്താനും തണുപ്പ്കാല രോഗങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനുമായി ബദുവിയന്‍ സംസ്കൃതിയുടെ ശീലങ്ങള്‍ പുതുതലമുറ ഏറ്റെടുക്കുകയും അവരില്‍നിന്ന് അത് പ്രവാസികള്‍ കണ്ടുപഠിക്കുകയും ചെയ്തതോടെയാണ് മരുഭൂമിയില്‍ ഇത്രയധികം കനലടുപ്പുകള്‍ ഉയരാന്‍ കാരണം. ഒൗഷധഗുണമുള്ള പ്രത്യേക മസാലക്കൂട്ടുകള്‍ തീര്‍ത്താണ് ഇറച്ചി ചുടാനായി പാകപ്പെടുത്തുന്നത്. മരുഭൂമിയിലെത്താന്‍ സാധിക്കാത്തവര്‍ വീടകങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍, ശ്രദ്ധ ഒന്നുപാളിയാല്‍ വീട്ടിലെ ഇറച്ചി ചുടല് വന്‍ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നാണ് കഴിഞ്ഞദിവസം അല്‍ഐനിലുണ്ടായ സംഭവം അടിവരയിടുന്നത്.
ഇറച്ചി ചുട്ട് കുടുംബസമേതം കഴിച്ച് സന്തോഷത്തോടെ കിടന്നുറങ്ങിയതായിരുന്നു മലപ്പുറം സ്വദേശികള്‍. എന്നാല്‍, ചുടാന്‍ ഉപയോഗിച്ച കനല് പൂര്‍ണമായി അണഞ്ഞിരുന്നില്ല, കുടുംബമാകട്ടെ ഇത് ശ്രദ്ധിച്ചതുമില്ലായിരുന്നു. കനലില്നിന്നുയര്ന്ന പുകപടലങ്ങള്‍ മുറിയില്‍ വന്നുനിറയുകയും ഇവിടെ കിടന്നുറങ്ങിയ ഭാര്യയും ഭര്‍ത്താവും അബോധാവസ്ഥയിലാവുകയും ചെയ്തു. സംഭവം പുറത്തറിയുമ്പോഴേക്ക് ഇവര്‍ അപകടനിലയിലെത്തിയിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവര്‍ ഇപ്പോള്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ച് വരുകയാണ്. ആസ്ബസ്റ്റോസ് കഴിഞ്ഞാൽപിന്നെ വീട്ടിലും ജോലിസ്ഥലത്തും സാധാരണമായി വിഷബാധക്ക് ഇടയാക്കുന്നത് കാര്‍ബണ്‍ മോണോക്സൈഡ് ആണ്. കത്തല് പ്രക്രിയ പൂര്‍ത്തിയാകാത്തപ്പോള്‍ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. അതിന് നിറവും മണവും രുചിയും ഇല്ല. അല്‍ഐനിലെ വീട്ടില്‍ അപകടം വിതച്ചതും ഈ വാതകമായിരുന്നു.
എങ്ങനെയാണ് അപകടം വരുന്നത്?
ജീവന് നിലനിർത്താന്‍ അത്യന്താപേക്ഷിതമായ ഓക്സിജന്‍ ശരീര കലകള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് അരുണ രക്താണുക്കളാണ്. എന്നാല്‍, ഈ രക്താണുക്കള്‍ ഓക്സിജനെക്കാള്‍ വേഗത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് ആഗിരണം ചെയ്യും എന്നതിലാണ് അപകടം സ്ഥിതിചെയ്യുന്നത്. ശരീരത്തില്‍ ഓക്സിജന്‍ അശേഷം ഇല്ലാതാകുമ്പോഴാണ് കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധ ഉണ്ടാകുന്നത്. വിഷബാധയേല്‍ക്കുന്ന വ്യക്തിക്ക് എഴുന്നേല്‍ക്കാനോ സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥ സംജാതമാകുന്നു. ശ്വസനവായുവില്‍ കാര്‍ബണ്‍ മോണോക്സൈഡ് കൂടിയ അളവിലുള്ളപ്പോള്‍ വിഷബാധയേല്‍ക്കുന്ന വ്യക്തിക്ക് പെട്ടെന്നു ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്തേക്കാം.
ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു മാറ്റി ഓക്സിജന്‍ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം ജീവന് തന്നെ അപകടത്തിലായേക്കാം. ശൈത്യകാലം മരുഭൂമിയില്‍ ആഘോഷങ്ങളുടെ കാലമാണ്. ഈ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കത്തുന്ന വിറകും മൊരിയുന്ന ഇറച്ചിയുമാണ്. ആഹാരമെല്ലാം കഴിച്ച് ഉറങ്ങുന്നതിന് മുമ്പ് കനലുകള്‍ നേരാംവണ്ണം അണഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മറക്കരുത്. അപകടങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന കനലുകള്‍ എത്ര തന്നെ മനസ്സില്‍ കിടന്നാലും അണയുകയില്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.