ദുബൈ: ദിനംപ്രതി ടൺകണക്കിന് മാലിന്യം വന്നടിയുന്ന കടലുകളുടെ കമനീയത വീണ്ടെടുക്കാ നാകുമോ? ഞൊടിയിടയിൽതന്നെ സാധ്യമാകുമെന്ന് കട്ടായം പറയുകയാണ് ലോകത്തിെൻറ വിവിധ ഭാ ഗങ്ങളിൽനിന്ന് ദുബൈയിൽ സംഗമിച്ച കുട്ടിക്കൂട്ടം. വെറുതെ പറയുക മാത്രമല്ല, നിർമിതബുദ്ധി സാങ്കേതികവിദ്യയുടെയും റോബോട്ടിക്സ് ടെക്നോളജിയുടെയും സഹായത്തോടെ ചെറുമാതൃകകൾ തീർത്ത് നേരിട്ട് കാട്ടിത്തരുകയും ചെയ്യുകയാണ് ഭാവിയിലെ ലോകം എങ്ങനെയായിരിക്കണമെന്ന് ഇപ്പോൾതന്നെ രൂപകൽപന ചെയ്യുന്ന കുരുന്നുപ്രതിഭകൾ. ദുബൈയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഡി എക്സ്ബി ചലഞ്ച് വേദിയിലാണ് മനുഷ്യർ തീർക്കുന്ന വിപത്തുകളെ റോബോട്ടുകളുടെ സഹായത്തോടെ പരിഹാരം നിർദേശിക്കുന്ന കിടിലൻ സൂത്രങ്ങൾ ലോകരാജ്യങ്ങളെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത വിദ്യാർഥികളും യുവജനങ്ങളും പങ്കുവെച്ചത്. സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രയോജനപ്രദമായ പരിഹാരങ്ങളെല്ലാം സാങ്കേതികവിദ്യയിലൂടെ യാഥാർഥ്യമാക്കുകയായിരുന്നു ചലഞ്ചിെൻറ പ്രധാന ലക്ഷ്യം.
കടല്‍ മലിനീകരണം ഒഴിവാക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കടല്‍ അവസരങ്ങള്‍ എന്ന സന്ദേശത്തിലായിരുന്നു ആദ്യ ഡി എക്സ് ബി ചലഞ്ച് നടന്നത്. റോബോട്ടിക്സ്, നിര്‍മിതബുദ്ധി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി അമേരിക്കക്ക് പുറത്ത് സംഘടിപ്പിച്ച ആദ്യ ആഗോള മത്സരമാണ് ഡി എക്സ് ബി ചലഞ്ച്, പ്രകൃതിയെയും വിഭവങ്ങളെയും സുരക്ഷിതമായി സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ സാധ്യതകളായിരുന്നു അന്വേഷിച്ചത്. കടലുകളെ കാത്തുരക്ഷിക്കുക എന്ന പ്രമേയത്തിൽ നടന്ന റോബോട്ടിക്സ് വിഭാഗം മത്സരത്തിൽ നിരവധി പുതുമാതൃകകളാണ് ഉയർന്നുവന്നത്. ലഭിക്കുന്ന റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം നിർദേശിക്കുകയെന്നതായിരുന്നു കുട്ടികൾക്ക് മുന്നിൽവെച്ച പ്രധാന വെല്ലുവിളി. എന്നാൽ, പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെ ദശലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങൾ അടിഞ്ഞ് മലീനസമായി മാറുന്ന കടലുകളെ കാത്തുരക്ഷിക്കാൻ, കടലിലേക്കിറങ്ങി ശുചീകരണം നടത്തുന്ന റോബോട്ടുകൾ തന്നെ കുട്ടികൾ കരയിലിരുന്ന് രൂപകൽപനചെയ്തു.
ബാർജ് മാതൃകയിൽ തയാറാക്കിയ പ്ലാറ്റ്ഫോമിലേക്ക് കടൽമാലിന്യങ്ങൾ ശേഖരിച്ച് നിക്ഷേപിക്കുന്നതായിരുന്നു ലളിതമായ രൂപം. കരയിൽനിന്ന് നിയന്ത്രിക്കാവുന്ന തരത്തിലുള്ള റോബോട്ടുകളായിരുന്നു കുട്ടികൾ നിർമിച്ചെടുത്തത്. മാത്രമല്ല, കടലിൽ കലർന്ന എണ്ണ വേർതിരിക്കാനും സൂക്ഷ്മവും സ്ഥൂലവുമായ മാലിന്യം വരെ കണ്ടെത്തി നീക്കം ചെയ്യാൻ കഴിവുള്ള റോബോട്ടുകളും ഡി എക്സ് ബി ചലഞ്ചിൽ പിറവിയെടുത്തു. 191 രാജ്യങ്ങളിൽനിന്നായി 1500ൽപരം പ്രതിഭകൾ ഒരുമിച്ചുചേർന്ന ഡി എക്സ് ബി ചലഞ്ച്, അക്ഷരാർഥത്തിൽ അതിശയകരമായ വലിയൊരു ചരിത്രമാണെഴുതിച്ചേർത്തത്. ഏഷ്യൻ രാജ്യങ്ങളുടെ സജീവ പങ്കാളിത്തവും ഡി എക്സ് ബി ചലഞ്ചിൽ ദൃശ്യമായി. വളരെ ചെറിയ മാലിന്യംപോലും നീക്കിക്കളയാൻ കെൽപുള്ള ശക്തി എന്ന പേരിലുള്ള റോബോട്ടുമായാണ് ഇന്ത്യൻ സംഘമെത്തിയത്. പെൺസംഘത്തിെൻറ നേതൃത്വത്തിൽ തയാറാക്കിയ ശക്തി മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. എല്ലാത്തരം ജലാശയങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ വേർതിരിക്കാൻ കഴിയുന്ന റോബോട്ടാണ് പാകിസ്താനിൽനിന്നുള്ള കുട്ടികൾ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.