ദുബൈ: ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ. ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായാണ് ശനിയാഴ്ച കൂടുതൽ സഹായങ്ങൾ നൽകുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചത്. യുദ്ധത്തെത്തുടർന്ന് താൽകാലിക ടെന്റുകളിലും മറ്റുമായി താമസിക്കുന്ന 9500 ഫലസ്തീനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഖാൻ യൂനിസിൽ അൽ അഖ്സ യൂനിവേഴ്സിറ്റിക്ക് സമീപത്തായി വടക്കൻ ഗസ്സയിലുള്ളവരെയാണ് മാനുഷിക പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സഹായങ്ങളുടെ വിതരണം ആരംഭിക്കുമെന്ന് യു.എ.ഇ റിലീഫ് മിഷൻ തലവൻ ഹമദ് അൽ നെയാദി പറഞ്ഞു. തുടർന്ന് അടുത്തഘട്ടം ഓവുചാലുകളുടെയും കുടിവെള്ള പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണികൾ ഉൾപ്പെടെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക.
അതോടൊപ്പം കുടിയിറക്കപ്പെട്ടവർക്കും വീടുകളിലേക്ക് മടങ്ങുന്നവർക്കും ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പുവരുത്താനായി ബേക്കറികൾ, സൂപ്പ് കിച്ചണുകൾ എന്നിവക്കുള്ള പിന്തുണയും നൽകുമെന്ന് അൽ നെയാദി പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശങ്ങളുടെ പിന്തുണയിലാണ് സഹായവിതരണം തുടരുക. കഴിഞ്ഞ ഒരാഴ്ചക്കിടെ 309.5 ടണ്ണിന്റെ സഹായവസ്തുക്കൾ റഫ അതിർത്തി വഴി ഗസ്സയിലെത്തിച്ചിരുന്നു. പുതിയ സഹായങ്ങളുമായി 25 ട്രക്കുകൾ തയാറായിട്ടുണ്ട്. ഇതുകൂടി അയക്കുന്നതോടെ യു.എ.ഇയിൽ ഇതുവരെ എത്തിയ ട്രക്കുകളുടെ എണ്ണം 155 ആകും. ഇതുവരെ കരമാർഗം ഏതാണ്ട് 29,585 ടൺ വസ്തുക്കൾ യു.എ.ഇയിൽ ഗസ്സയിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.