ദുബൈ: ഗൾഫിൽ ഏറ്റവും കൂടുതൽ ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ യു.എ.ഇ രണ്ടാം സ്ഥാനത്ത്. 341,365 ബ്ലൂകോളർ തൊഴിലാളികളാണ് യു.എ.ഇയിൽ ജോലി ചെയ്യുന്നത്. സൗദി അറേബ്യയാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. സൗദിയിൽ 695,269 ബ്ലൂകോളർ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്.
കുവൈത്താണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 201,959 ബ്ലൂകോളർ തൊഴിലാളികളാണ് കുവൈത്തിലുള്ളത്. ഖത്തർ (153,501), ഒമാൻ (116,840) എന്നീ രാജ്യങ്ങളാണ് പട്ടികയിൽ തൊട്ടുപിറകിൽ. കഴിഞ്ഞദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് വിദേശത്ത് ജോലി ചെയ്യുന്ന ബ്ലൂ-കോളർ തൊഴിലാളികളുടെ കണക്കുകൾ പുറത്തുവിട്ടത്. ഇതനുസരിച്ച് 2020 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 14 രാജ്യങ്ങളിലായി ഏകദേശം 16 ലക്ഷം ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികൾ ജോലി ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിലാണ് ഇതിൽ കൂടുതൽ പേരും. നിർമാണം, വീട്ടുജോലി, പരിചരണം, മറ്റ് തൊഴിൽ മേഖലകൾ എന്നിവയിലാണ് ഇവർ തൊഴിൽ ചെയ്യുന്നത്.
മുടങ്ങിക്കിടന്ന പദ്ധതികൾ പലതും കോവിഡ് പകർച്ചവ്യാധിക്കുശേഷം പുനരാരംഭിച്ചതോടെ തൊഴിലാളികളുടെ ആവശ്യം ഉയരുകയും റിക്രൂട്ട്മെന്റ് കുത്തനെ വർധിച്ചതായും തൊഴിലുടമകളും ഉദ്യോഗസ്ഥരും പറയുന്നു.
2023ൽ മാത്രം 398,000 തൊഴിലാളികളെ ഇന്ത്യ വിദേശത്തേക്ക് അയച്ചു. 2023ൽ സൗദി അറേബ്യ 200,713 തൊഴിലാളികളെയും 2024 ൽ 167,598 പേരെയും നിയമിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, വിവിധ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളുടെ നാടുകടത്തലും വർധിച്ചിട്ടുണ്ട്. ഗൾഫിലുടനീളം റിക്രൂട്ട്മെന്റ് വർധിച്ചതോടെ കുടിയേറ്റ തൊഴിലാളികളുടെ പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. വിസകാലാവധിക്ക് ശേഷം തങ്ങൽ, വിസ ലംഘനങ്ങൾ, വർക്ക് പെർമിറ്റ് പ്രശ്നങ്ങൾ എന്നിവയാണ് തൊഴിലാളികളുടെ നാടുകടത്തലിന്റെ പ്രധാന കാരണം.
2025ൽ ആഗോളതലത്തിൽ 81രാജ്യങ്ങളിലായി 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ജി.സി.സി രാജ്യങ്ങളാണ് ഇതിലും മുന്നിൽ. സൗദി അറേബ്യയിൽ നിന്ന് മാത്രം 10,884 നാടുകടത്തലുകൾ നടന്നു. യു.എ.ഇ (1469), ബഹ്റൈൻ (764), ഒമാൻ (16) എന്നിവയാണ് തൊട്ടുപിന്നിൽ. കുവൈത്തിന്റെയും ഖത്തറിന്റെയും കണക്കുകൾ വിദേശകാര്യ മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടില്ല. 2021നും 2025നും ഇടയിൽ ജി.സി.സി രാജ്യങ്ങളിൽനിന്ന് 56,460 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. സൗദി അറേബ്യ (49,084), യു.എ.ഇ (3979), ബഹ്റൈൻ (3202), ഒമാൻ (195) എന്നിങ്ങനെയാണ് ഈ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.