മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം യു.എ.ഇ പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ച് യു.എ.ഇ പ്രസിഡന്റ്

അബൂദബി: 2025-2026 അധ്യയന വർഷത്തിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും, അവരുടെ അധ്യാപകരെയും അനുമോദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.

വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ യാത്രയിൽ തുടർ വിജയം ആശംസിച്ചു. കൂടാതെ, കുട്ടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച യു.എ.ഇയിലെ അധ്യാപകരുടെ സമർപ്പണ ബോധത്തെയും സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

യു.എ.ഇയുടെ വികസനത്തിന്റെയും പുരോഗതിയുടെയും പ്രധാന അടിത്തറ മികച്ച വിദ്യാഭ്യാസമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ചൂണ്ടിക്കാട്ടി. കുട്ടികളിൽ മികവ് വളർത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം വീടുകളിലും സ്കൂളുകളിലും ഒരുക്കുന്നതിൽ അധ്യാപകർക്കും കുടുംബങ്ങൾക്കുമുള്ള പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

വിദ്യാഭ്യാസ മേഖലക്കും വിദ്യാർഥികൾക്കും നൽകുന്ന നിരന്തര പിന്തുണക്കും, മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനും പ്രസിഡന്റിന് വിദ്യാഭ്യാസ പ്രതിനിധി സംഘം നന്ദി അറിയിച്ചു.

ചടങ്ങിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അൽ ദഫ്റ റീജ്യണലിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - UAE President congratulates students and teachers who achieved outstanding success in the Plus Two (higher secondary) examinations.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.