ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ഈന്തപ്പനകളെ നശിപ്പിക്കുന്ന ചുവന്ന വണ്ടിനെ (റെഡ് പാം വീവിൾ) തുരുത്താൻ യു.എ.ഇ പദ്ധതിയൊരുക്കുന്നു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, ഖലീഫ സെൻറർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ എന്നിവ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. റെഡ് പാം വീവിൾ ട്രസ്റ്റായിരിക്കും വണ്ട് ഉന്മൂലനം ഏറ്റെടുക്കുക. കാലാവസ്ഥ വ്യതിയാന മന്ത്രാലയം പണം നൽകും. മിഡിലീസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും എല്ലാ മേഖലകളിലും പദ്ധതി എത്തും.
ലോകത്തിലെ ഈന്തപ്പനകളുടെ 90 ശതമാനവും ഈ മേഖലയിലാണ്. ഗ്രാമീണർക്ക് ഉൾപ്പെടെ പ്രധാന വ്യവസായവുമാണിത്. ചുവന്ന വണ്ടിനെ ഉന്മൂലനം ചെയ്യുന്നതിൽ മോറിത്താനിയ വിജയം കണ്ടതോടെയാണ് ഈ മാർഗം തേടിയത്. 40 ഇനം ഈന്തപ്പനകളെ ബാധിക്കുന്ന പ്രാണിയാണിത്. ഇത് ഗൾഫ് രാജ്യങ്ങളിലുടനീളം ഗണ്യമായ നാശമുണ്ടാക്കുന്നതായും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഉൻമൂലനം ചെയ്യുകയെന്നും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ ഹംറി പറഞ്ഞു. ഗ്രാമീണ സമൂഹങ്ങൾക്ക് ഉൾപ്പെടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.