ഫുജൈറയിൽ പുതിയ കടൽജല ശുദ്ധീകരണ പ്ലാന്‍റ്​

ദുബൈ: ഫുജൈറ തുറമുഖത്തോട്​ ചേർന്ന്​ 100 കോടി ദിർഹം ചെലവിട്ട്​ വമ്പൻ കടൽജല ശുദ്ധീകരണ പ്ലാന്‍റ്​ നിർമിക്കുന്നു. പ്ലാന്‍റിന്​ പ്രതിദിനം 60 ദശലക്ഷം ഗാലൻ ജലം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും​.

അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന മേക്ക്​ ഇറ്റ്​ ഇൻ ദി എമിറേറ്റ്​സ്​ എക്സിബി​ഷനോടനുബന്ധിച്ച്​ നടന്ന ചടങ്ങിൽ ഇത്തിഹാദ്​ വിയുടെ അനുബന്ധ സ്ഥാപനമായ എൻ.എം.ഡി.സി ഇൻഫ്രായും ലാന്‍റാനിയ ആഗസും​​ പ്ലാന്‍റ്​ നിർമാണ കരാറിൽ ഒപ്പുവെച്ചു​. എൻ.എം.ഡി.സി ഇൻഫ്രാ സി.ഇ.ഒ എൻജിനീയർ മുഹമ്മദ്​ അൽ ​​ഷെഗി, ലാന്‍റാനിയ സി.ഇ.ഒ പെഡ്രോ അൽമാർഗോ എന്നിവരാണ്​ കരാറിൽ ഒപ്പുവെച്ചത്​.

ആർ.ഒ സാ​ങ്കേതിക വിദ്യയോട്​ കൂടിയ അതി നൂതനമായ പ്ലാന്‍റ്​ നിർമിക്കാനാണ്​ കരാർ. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലേക്കുള്ള ജലവിതരണം ശക്​തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്‍റെ ദീർഘകാല ജല സുരക്ഷ ലക്ഷ്യങ്ങളെ പിന്തുണക്കുകയുമാണ്​ ലക്ഷ്യം. 18 മണിക്കൂർ ഉൽപ്പാദനത്തിന്​ തുല്യമായ സംഭരണ ശേഷിയും​ പ്ലാന്‍റിനുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത്തിഹാദ്​ വി ഏറ്റെടുക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്​. നേരത്തെ നഖയിൽ നിർമിച്ച കടൽജല ശുദ്ധീകരണ​ പ്ലാന്‍റിന്​ പ്രതിദിനം 150 ഇംപീരിയൽ ഗാലൻ ജല ഉൽപാദന ശേഷിയുണ്ടായിരുന്നു.

ഫുജൈറ പ്ലാന്‍റിന്‍റെ നിർമാണം പൂർത്തീകരിക്കാൻ 30 മാസമാണ്​ സമയം അനുവദിച്ചിട്ടുള്ളത്​. ആദ്യ ഘട്ടത്തിൽ ഭാഗികമായ ഉൽപ്പാദന ശേഷിയോടെ പ്രവർത്തനം ആരംഭിച്ച ശേഷം പൂർണ ഉൽപാദന ശേഷിയായ 60 ഇംപീരിയൽ ഗാലനിൽ എത്തിക്കും.

പദ്ധതി പൂർണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഫുജൈറയിലേയും ഇത്തിഹാദ്​ വിയുടെ സേവന മേഖലയിലേയും വീടുകൾ, ബിസിനസ്​ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവക്ക് പീക്ക്​ സമയങ്ങളിൽ സുഗമമായ ജല വിതരണം ഉറപ്പുവരുത്താനാകും. ഊർജ കാര്യക്ഷമതയുള്ള റിവേഴ്​സ്​ ഓസ്​മോസിസ്​ സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ച്​ ജല ഉൽപ്പാദനം വിപുലമാക്കാനുള്ള ഇത്തിഹാദ്​ വിയുടെ പദ്ധതിയുടെ ഭാഗമായാണ്​ പുതിയ കരാർ.

Tags:    
News Summary - New desalination plant in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.