യു.എ.ഇ വിദേശകാര്യ മന്ത്രി ഡോ. താനി ബിൻ അഹമ്മദ്​

അൽ സുയൂദി

ആഭ്യന്തര നിക്ഷേപം ശക്​തിപ്പെടുത്താൻ വൻ പദ്ധതികൾ

ദുബൈ: വിദേശ നിക്ഷേപത്തോടൊപ്പം ആഭ്യന്തര നിക്ഷേപവും ശക്തിപ്പെടുത്താൻ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി യു.എ.ഇ.

അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന വ്യവസായ മേഖലകൾ, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും നിക്ഷേപങ്ങൾ കൊണ്ടുവരിക. വിതരണ രംഗത്ത് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറക്കുകയാണ് ലക്ഷ്യം.

അബൂദബിയിൽ നടക്കുന്ന എമിറേറ്റ്സ് സമ്മിറ്റിൽ യു.എ.ഇ വിദേശകാര്യ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സുയൂദിയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.

രാജ്യാന്തര തലത്തിൽ യു.എ.ഇ നടത്തുന്ന നിക്ഷേപങ്ങൾ തുടരുമെന്നും അതോടൊപ്പം ആഭ്യന്തര തലത്തിലും വൻ നിക്ഷേപം നടത്താനാണ് തീരുമാനമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. വിതരണ രംഗത്തെ തടസ്സവും വ്യാവസായിക പ്രതിരോധ ശേഷിയും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോവറിൻ വെൽത്ത് ഫണ്ടുകൾ വഴിയോ സർക്കാർ സ്ഥാപനങ്ങൾ വഴിയോ ആയിരിക്കും നിക്ഷേപങ്ങൾ നടത്തുക. ബാഹ്യ വിതരണ മാർഗങ്ങളെ ആശ്രയിക്കുന്നത് കുറക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്കും തന്ത്രപരമായ പദ്ധതികൾക്കുമായിരിക്കും മുൻഗണന. ഇതിൽ ചില പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര നിക്ഷേപം ശക്തിപ്പെടുത്താനുള്ള നടപടികൾ രാജ്യം നടത്തിവരുന്നുണ്ട്. അടുത്ത ഘട്ടത്തിൽ പ്രാദേശിക, സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് കൂടുതൽ നിക്ഷേപം കൊണ്ടുവരും.

പൊതു-സ്വകാര്യ പങ്കാളിത്തങ്ങൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള ആഭ്യന്തര പങ്കാളിത്തത്തെ പിന്തുണയ്ക്കാനും ആഭ്യന്തര ഉൽപ്പാദനം, ലോജിസ്റ്റിക്സ്, തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യു.എ.ഇയുടെ ദീർഘകാല സാമ്പത്തിക ആസൂത്രണത്തിൽ കൂടുതൽ കേന്ദ്രബിന്ദുവാകാനും ഈ പദ്ധതികൾ സഹായിക്കും.

രാജ്യത്തിന്‍റെ ശേഷി വികസിപ്പിക്കാനും പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും വ്യാപാരം, ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ സ്ഥിരത നിലനിർത്താനുമാണ് ശ്രമം.

Tags:    
News Summary - Massive projects to strengthen domestic investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.