ദുബൈ: ഒരു ഇടവേളക്ക് ശേഷം യു.എ.ഇക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം ആരംഭിച്ചത്. നാല് ക്രൂസ് മിസൈലുകൾ രാജ്യത്തേക്ക് വന്നതായും ഇതിൽ മൂന്നെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം എക്സ് എകൗണ്ടിലൂടെ അറിയിച്ചു. ഒരു മിസൈൽ കടലിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, ഇറാൻ ഡ്രോൺ ആക്രമണത്തിൽ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപ്പിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന ഉടനെ സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ സ്ഥലത്തെത്തുകയും തീ അണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് നിസാര പരിക്കേറ്റതായും ഫുജൈറ മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും യഥാർഥ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പു നൽകി.
യു.എസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഏതാണ്ട് ഒരു മാസത്തോളമായി മേഖലയിൽ ആക്രമണങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച ഹോർമുസ് കടക്കാൻ ശ്രമിച്ച് യു.എ.ഇയുടെ ദേശീയ എണ്ണ കമ്പനിയായ അഡ്നോകിന്റെ എണ്ണ കപ്പൽ ഇറാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ക്രൂസ് മിസൈൽ ആക്രമണങ്ങൾ റിപോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.