ദുബൈയിൽ സംഘടിപ്പിച്ച തൊഴിലാളികളുടെ മാരത്തണിന് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നു
ദുബൈ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി ‘വർക്കേഴ്‌സ് റേസ്’ എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. തൊഴിലാളികൾക്കിടയിൽ ആരോഗ്യവും കൂട്ടായ്മയും വളർത്താനും അവരുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമായി ദുബൈ മൈതാൻ ട്രാക്കിലാണ് മാരത്തൺ സംഘടിപ്പിച്ചത്.
യു.എ.ഇയുടെ നിർമാണ-സേവന മേഖലകളിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം തൊഴിലാളികളാണ് സ്നേഹയോട്ടത്തിൽ പങ്കാളികളായത്. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ജി.ഡി.ആർ.എഫ്.എ ദുബൈ, പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ്, ദുബൈ സ്പോർട്സ് കൗൺസിൽ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂറി, ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ജി.ഡി.ആർ.എഫ്.എ ലേബർ റിലേഷൻസ് സെക്ടർ അസി. ഡയറക്ടർ ഉമർ മതാർ അൽ മുസൈന എന്നിവർക്കൊപ്പം ദുബൈ സ്പോർട്സ് കൗൺസിലിലെ ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികൾക്ക് പ്രോത്സാഹനവുമായി നേരിട്ടെത്തിയിരുന്നു.
മാരത്തണിൽ വിജയികളായവരെ വേദിയിൽ ആദരിച്ചു. കാഷ് അവാർഡുകളും മറ്റ് സമ്മാനങ്ങളും സമ്മാനിച്ചു. ഓട്ടത്തിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളികളെയും അധികൃതർ അഭിനന്ദിച്ചു. യു.എ.ഇയുടെ വികസനക്കുതിപ്പിൽ തൊഴിലാളികൾ വഹിക്കുന്ന നിർണായക പങ്കിനുള്ള ആദരവ് കൂടിയായിരുന്നു പരിപാടി. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യം വിളിച്ചോതാനും ലക്ഷ്യമിട്ടുള്ള ഇത്തരം ജനകീയ പരിപാടികൾ ഇനിയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.