ദുബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയത്തിന്‍റെ ആവേശത്തിൽ പ്രവാസലോകം. ഒരു മാസത്തോളം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ട് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി മുന്നേറുന്നത് ഗൾഫിലെ പ്രവാസി കേന്ദ്രങ്ങളിൽ വലിയ ആഘോഷങ്ങൾക്കാണ് വഴിതുറന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ തന്നെ യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തിയത് പ്രവാസി മലയാളികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ബാച്ച്ലർ മുറികളിൽ വൈകി ഉറക്കമുണരുന്ന പലരും നേരത്തെ എണീറ്റ് ടി.വിക്ക് മുന്നിലിരുന്നു. ഓരോ മണ്ഡലത്തിലെയും ഫലം പുറത്തുവരുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥികൾ ജയിച്ച വാർത്തകൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും പ്രവാസികൾ ആവേശത്തോടെ പങ്കുവെച്ചു. യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചതോടെ ദുബൈ, ഷാർജ, അബൂദബി എമിറേറ്റുകളിലെ യു.ഡി.എഫ് പോഷക സംഘടനകളായ കെ.എം.സി.സി, ഇൻകാസ് ഓഫീസുകളിൽ പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും തെരഞ്ഞെടുപ്പ് പാരടി ഗാനങ്ങൾ പാടിയും വിജയം ആഘോഷിച്ചു.
ദുബൈ കെ.എം.സി.സി ആസ്ഥാനത്തും ദുബൈ സ്വാഗത് ഹാൾ ഷാർജ സെൻട്രൽ മാൾ എന്നിവിടങ്ങളിൽ ഇൻകാസും വലിയ സ്‌ക്രീനിൽ ഫലമറിയാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. വൻ ഭൂരിപക്ഷത്തോടെയുള്ള ഭരണമാറ്റം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രവാസി പുനരധിവാസം, ടിക്കറ്റ് നിരക്കിലെ നിയന്ത്രണം, വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്കുള്ള പ്രത്യേക പദ്ധതികൾ എന്നിവ പുതിയ യു.ഡി.എഫ് സർക്കാർ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് പ്രവാസി സംഘടനകൾ പ്രത്യാശ പ്രകടിപ്പിച്ചു. നാടിന്‍റെ വികസനത്തിനും പ്രവാസികളുടെ സുരക്ഷയ്ക്കും പുതിയ സർക്കാർ മുൻഗണന നൽകുമെന്ന് ഉറപ്പുണ്ടെന്ന് വിവിധ പ്രവാസി സംഘടനാ ഭാരവാഹികൾ പറഞ്ഞു.
വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ, വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ വിജയാഘോഷങ്ങൾ ഗൾഫിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. സാധാരണ വോട്ട് ചെയ്യാൻ നാട്ടിൽ പോകാറുള്ള നിരവധി പേർക്ക് ഇത്തവണ നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. പല പ്രവാസി സംഘടനകളും ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ തിരിച്ചടിയായി. എന്നാൽ, നാട്ടിലെത്തിയ ചുരുക്കം പ്രവാസികളുടെ വോട്ടും, ഗൾഫിലുള്ളവർ തങ്ങളുടെ കുടുംബങ്ങളിൽ നടത്തിയ ശക്തമായ രാഷ്ട്രീയ ഇടപെടലുകളും യു.ഡി.എഫിന് ഗുണകരമായെന്നാണ് പൊതു വിലയിരുത്തൽ.
ജനവിധി ചരിത്രപരം- ഇൻകാസ് യു.എ.ഇ
ദുബൈ: പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ച കേരളത്തിലെ പ്രബുദ്ധരായ ജനാധിപത്യ വിശ്വാസികളെ അഭിനന്ദിച്ച് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) എസ്. മുഹമ്മദ് ജാബിർ. കേരളത്തെ ഭരണഘടനാ വിരുദ്ധമായ നയങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും മോചിപ്പിച്ച ജനവിധി ചരിത്രപരമാണ്. ജാതി-മത പ്രീണനങ്ങളും അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടുകളും പയറ്റിയിട്ടും ഇടതുമുന്നണിക്ക് കേരളത്തിൽ പിടിച്ചുനിൽക്കാനായില്ല. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി പ്രവേശം തടയാൻ രൂപവത്കരിച്ച അവിശുദ്ധമായ ‘ഡീൽ’ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിലൂടെ കേരളം മതേതര ബോധം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പൊലീസ് ഭീകരതയ്ക്കും ഭരണനിർവഹണത്തിലെ കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ ഫലം.
ജനങ്ങളുടെ തിരിച്ചറിവിന്‍റെ ഫലം -വേൾഡ് കെ.എം.സി.സി
ദുബൈ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയം ജനങ്ങളുടെ തിരിച്ചറിവിന്‍റെ ഫലമാണെന്നും പ്രവാസ ലോകത്തിന്‍റെയാകെ പിന്തുണ ഈ വിജയത്തിനുണ്ടെന്നും വേൾഡ് കെ.എം.സി.സി. പ്രസിഡന്‍റ് മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ, ട്രഷറർ യു.എ നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. മതേതര കേരളത്തിന്‍റെ വീണ്ടെടുപ്പും സാമൂഹിക ഐക്യവും ക്ഷേമവും പുനഃസ്ഥാപിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്ത കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാപ്പകൽ സജീവമായി പങ്കെടുത്ത കെ.എം.സി.സി പ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി.
മുസ്ലിം ലീഗ് ഈ തിരഞ്ഞെടുപ്പിൽ കാഴ്ചവെച്ച ചരിത്രപരമായ മുന്നേറ്റം പാർട്ടിയുടെ രാഷ്ട്രീയ പ്രസക്തിയും ജനസ്വാധീനവും അടിവരയിടുന്നതാണ്. മുന്നണിയുടെ കെട്ടുറപ്പിന് കരുത്തുപകരുന്ന മികച്ച പ്രകടനമാണ് ലീഗ് പ്രതിനിധികൾ കാഴ്ചവെച്ചത്. വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികളെയും മറ്റ് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വേൾഡ് കെ.എം.സി.സി അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വർഗീയ ധ്രുവീകരണത്തിനേറ്റ തിരിച്ചടി-കെ.സി അബൂബക്കർ
ദുബൈ: ഇസ്‌ലാമോ ഫോബിയ സൃഷ്ടിച്ച് ഹിന്ദുവർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച പിണറായി വിജയന്‍റെയും സി.പി.എമ്മിന്‍റെയും ദുഷ്‌ടലാക്കിന് ലഭിച്ച തിരിച്ചടിയാണ് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലമെന്ന് ഇൻകാസ് യു.എ.ഇ കമ്മിറ്റി സീനിയർ ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ അഭിപ്രായപ്പെട്ടു. ഒരു കൈതെറ്റ് പോലെ വന്നു ചേർന്ന തുടർഭരണം അഴിമതിക്കും ധാർഷ്ട്യത്തിനും ആക്കം കൂട്ടി. അഹങ്കാരികളെ ഒരു കാലത്തും ജനം പ്രോൽസാഹിപ്പിക്കില്ല എന്ന സൂചനയാണിത്. ഭൂരിപക്ഷം മന്ത്രിമാരും തോൽക്കുകയും മുഖ്യമന്ത്രി തോൽവിക്കു സമാനമായ കടന്നു കൂടലുമാണ് ഉണ്ടായത്..
രാഷ്ട്രീയ നിലപാടിന്‍റെ വിജയം -പുന്നക്കൻ മുഹമ്മദലി
ദുബൈ: കൃത്യമായ രാഷ്ടീയവും നിലപാടുമാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചതെന്ന് യു.ഡി.എഫ് യു.എ.ഇ.കൺവീനർ പുന്നക്കൻ മുഹമ്മദലി. യു.ഡി.എഫ് ചെയ്യാൻ പോകുന്ന കാര്യങ്ങൾ കേരളീയ സമൂഹത്തിലും പ്രവാസികളിലും അവതരിപ്പിച്ചു വോട്ടു പിടിക്കാൻ സാധിച്ചതാണ് ഇത്രയും വലിയ വിജയത്തിന് കാരണം. പിണറായി സർക്കാറും സി.പി.എമ്മും ചെയ്ത കെടുകാരസ്ഥത പൊതുജനങ്ങളുടെ ഇടയിൽ എത്തിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.