ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങളുടെ സ്വപ്നത്തിലെ വീട് സ്വന്തമാക്കുക? ദുബൈയിലെ പടർന്നുനിൽക്കുന്ന റിയൽ എസ്റ്റേറ്റ് വിപണിയിൽ തങ്ങൾക്കിണങ്ങുന്നത് തെരഞ്ഞുകണ്ടെത്തലാണ് വീട് വാങ്ങാനിറങ്ങുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നിലവിൽ ഡി.എൽ.ഡിയിൽ രജിസ്റ്റർ ചെയ്ത 2000ലേറെ നിർമാതാക്കളും 30,000ലേറെ ബ്രോക്കർമാരും പ്രവർത്തിക്കുന്ന ദുബൈയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. വീട് വാങ്ങുന്നവർ പലപ്പോഴും യഥാർഥ ഡവലപ്പറെയും ഏജൻസികളേയും ഉപദേശം നൽകുന്നവരെയും തിരിച്ചറിയാൻ പ്രയാസപ്പെടുന്നു.
വാങ്ങാനൊരുങ്ങുന്നവരുടെ കൃത്യമായ ലക്ഷ്യം നിർണയിക്കുന്നതിലുണ്ടാകുന്ന സംശയങ്ങളാണ് പ്രഥമ പ്രശ്നം. വ്യക്തിഗത ഉപയോഗത്തിനാണോ അതല്ല, നിക്ഷേപമായാണോ വാങ്ങുന്നതെന്ന് വ്യക്തത വരുത്താനായാൽ തീരുമാനം സുഗമമാകും.
നിക്ഷേപത്തിനായി വാങ്ങുമ്പോൾ എവിടെ വാങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനം. കെട്ടിട നിർമാതാവ് റാങ്കിങ്ങിൽ ആദ്യ 100ന് താഴെയുള്ള രണ്ടാം നിരക്കാർ ആകുന്നത് പോലും പ്രശ്നമാകില്ല. അതല്ല, സ്വന്തം ആവശ്യത്തിനായാണ് വാങ്ങുന്നതെങ്കിൽ സ്ഥാനം അത്ര പ്രധാനമല്ല. മികച്ച കമ്യൂണിറ്റിയിലോ പേരുകേട്ട നിർമാതാവോ ആകണമെന്ന് മാത്രം. കാരണം, ഇനിയും വാടക ഒടുക്കുകയെന്ന ഭാരം ഒഴിവായി കിട്ടലാണല്ലോ പ്രധാന ലക്ഷ്യം. ഒരു കുടുംബത്തിന്റെ പ്രതിമാസ ചെലവിൽ ഏറ്റവും വലിയ വിഹിതം വാടകയിനത്തിലാണെന്ന് തിരിച്ചറിയുന്നതിൽ പലരും പരാജയപ്പെടുന്നു. അതോടെ, എങ്ങനെ അത് കുറച്ചുകൊണ്ടുവരാമെന്ന് പറഞ്ഞുതരാനും ആളില്ലാതാകുന്നു. ആറു ദിർഹമിന്റെ ഒരു സാലിക് ടോളോ നെറ്റ്ഫ്ലിക്സ് നിരക്കായ 50 ദിർഹമോ ഒഴിവാക്കാൻ ശ്രമിക്കുന്നവർ പക്ഷേ, മാസത്തിൽ ചെലവിടുന്ന വാടകയെന്ന ഭീമൻ ചെലവ് അഗണ്യമായി മാറ്റിനിർത്തുന്നു. സ്വന്തമായൊരു ഭവനം ഓരോരുത്തന്റെയും സ്വപ്നമാണെങ്കിലും അത് നേടിയെടുക്കാൻ വേണ്ട നടപടികളെടുക്കാൻ പലരും ഇറങ്ങാറില്ല. യഥാർഥത്തിൽ, യു.എ.ഇയിൽ നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങൽ പലരും ചിന്തിക്കുന്നതിനെക്കാൾ ലളിതമാണ്. ആവശ്യമായ സാമ്പത്തിക പിന്തുണ നൽകി ബാങ്കുകളും ലളിതമായ പണമൊടുക്കൽ പ്ലാനുകളുമായി നിർമാതാക്കളുമുള്ള യു.എ.ഇയിൽ നിങ്ങളുടെതായ ഒരു വീട് വാങ്ങാനാകില്ലെങ്കിൽ ലോകത്ത് മറ്റെവിടെയും ആസ്തി വാങ്ങൽ അതിനെക്കാളേറെ ദുഷ്കരമാകും. യു.എ.ഇയിൽ പ്രതിവർഷം വാടകയിനത്തിൽ 75,000 വരെ ലഭിക്കുന്ന കെട്ടിടങ്ങൾ സ്വന്തമാക്കാൻ 490,000 ദിർഹം മുതലുള്ള പ്ലാനുകൾ ലഭ്യമാണ്.
നിങ്ങളുടെ വായ്പാഭാര അനുപാതം (ഡി.ബി.ആർ) മനസ്സിലാക്കൽ, ബാങ്കിന്റെ മുൻകൂർ അംഗീകാരം നേടൽ എന്നിവയെല്ലാം നിങ്ങൾക്ക് എത്രമാത്രം വായ്പാതുക കൈകാര്യം ചെയ്യാനാകുമെന്നതിനെ കുറിച്ച കൃത്യമായ ചിത്രം നൽകും. യാഥാർഥ്യ ബോധമുള്ള ബജറ്റിനുള്ളിൽ നിന്ന് ഏറ്റവും മികച്ച പെയ്മമെന്റ് പ്ലാൻ തെരഞ്ഞെടുക്കാനും ഏറ്റവും യോജിച്ച നിർമാതാവിനെ കണ്ടെത്താനും അത് നിങ്ങളെ സഹായിക്കും.
ESCROW അക്കൗണ്ടുകളുടെ സാന്നിധ്യം നിക്ഷേപകർക്ക് വലിയ വിശ്വാസം നൽകാനും ആദ്യ നാൾ മുതൽ തന്നെ സുതാര്യത ഉറപ്പാക്കാനും പോന്നതാണ്. സ്വന്തം പ്രോജക്റ്റിന്റെ നിർമാണ പുരോഗതി എവിടെംവരെ ആയെന്ന് കൃത്യമായി നിരീക്ഷിക്കാൻ ‘REST’ ആപ്പും സഹായിക്കും. ഏറ്റവും മികച്ച, സുസ്ഥിരതയാർന്ന, രാജ്യാന്തര നിലവാരമുള്ള വീടുകൾ നിർമിച്ചുകൈമാറാൻ നിർമാതാക്കൾക്കിടയിൽ കടുത്ത മത്സരവും ഇപ്പോഴുണ്ട്. പലരും പൂജ്യം ശതമാനം ഡൗൺ പെയ്മെന്റ് അടക്കം പുതുമയാർന്ന പെയ്മെന്റ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. വില പൂർണമായി നൽകുന്നവർക്ക് 40 ശതമാനം ഡിസ്കൗണ്ട് നൽകുന്ന നിർമാതാക്കളുമുണ്ട്. അപ്പാർട്ട്മെന്റ്, ടൗൺ ഹൗസ്, വില്ല..ഏതുമാകട്ടെ ഒരു കമ്യൂണിറ്റിയിൽ നിങ്ങൾ വീട് സ്വന്തമാക്കുമ്പോൾ കൂട്ടായ സൗകര്യങ്ങളും പൊതു ഇടങ്ങളും മൊത്തത്തിലുള്ള പരിപാലനവും കൈകാര്യം ചെയ്യാൻ സഹായകമായി സർവീസ് ചാർജുകളുണ്ടാകും. അതേസമയം, ഗൗരവതരക്കാരായ നിക്ഷേപകർക്കിടയിലെ വളർന്നുവരുന്ന പുതിയ പ്രവണത സ്വന്തമായി ഭൂമി വാങ്ങി അവിടെ തങ്ങളുടെതായ വില്ല പണിതുയർത്തലാണ്. അതുവഴി സർവീസ് ചാർജ് സമ്പൂർണമായി ഒഴിവാക്കാമെന്നതാണ് മെച്ചം. സമീപ വർഷങ്ങളിൽ വിശ്വസ്തരായ കരാർ കമ്പനികൾ വർധിച്ചുവന്നതോടെ ഈ സാധ്യത കൂടുതൽ ജനകീയവും ചെലവു കുറഞ്ഞ മാർഗവുമായി സ്വീകരിക്കപ്പെട്ടുവരുന്നുണ്ട്.
ഭാവിയിൽ സ്വന്തം ആസ്തിക്ക് ക്രമപ്രവൃദ്ധമായ മൂല്യ വർധന തേടുന്നവരാണ് നിങ്ങളെങ്കിൽ കടൽക്കരയോടു ചേർന്ന നിർമിതികളാണ് ഏറ്റവും മികച്ചത്. ചരിത്രപരമായി തന്നെ, സ്വാഭാവിക തീരദേശങ്ങൾ നിർമിതികൾക്ക് മികച്ച ആദായം നൽകുന്നവയാണ്. ഇവ പലപ്പോഴും ഉയർന്ന സേവന നിരക്കുകൾ ഉള്ളതാകുമെങ്കിലും -വിശിഷ്യാ, അവധിക്കാല ഭവന പ്ലാറ്റ്ഫോമുകൾ വഴി വാടകക്ക് നൽകുന്നവയെങ്കിൽ- ഹ്രസ്വ കാലത്തിനുള്ളിൽ മികച്ച ലാഭം നൽകി അത്യാകർഷകമായി തുടരും. നിർമാതാക്കളുമായി ബന്ധപ്പെട്ട് നിരന്തരം പുതിയ വിവരങ്ങൾ അറിയുന്നതും അനുപേക്ഷ്യമാണ്. പല നിർമാതാക്കളും പലപ്പോഴായി നിരക്കിളവും ഡി.എൽ.ഡി ഫീസ് ഇളവുമടക്കം പ്രത്യേക പ്രമോഷനുകളും കൈമാറിയ ശേഷമുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പെയ്മെന്റ് പ്ലാനുകളും നൽകിവരുന്നവരാണ്, ഇവയെല്ലാം ചേരുമ്പോൾ നിങ്ങളുടെ സ്വപ്നഭവനങ്ങൾ കൈയെത്തും ദൂരത്തായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.