അബൂദബി: അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ എത്തിനോക്കി നടക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്. എങ്കിൽ അത് ഇപ്പോൾ തന്നെ നിർത്തണമെന്ന് അബൂദബി പൊലീസ് കർശനമായി നിർദേശിക്കുന്നു. റോഡിൽ അപകടങ്ങൾ നടന്നതു കണ്ട് വാഹനം പതുക്കെയാക്കിയും നിർത്തിയിട്ടും ദൃശ്യങ്ങൾ വീക്ഷിക്കാനും ഇറങ്ങി നടന്ന് ആംബുലൻസിനും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് ആയിരം ദിർഹം പിഴ ഉറപ്പാണ്.
പല അപകടങ്ങളും സൃഷ്ടിക്കുന്നത് തന്നെ ഇത്തരം എത്തിനോട്ടക്കാരായ വാഹന യാത്രികരും കാൽനടക്കാരുമാണെന്ന് അബുദബി ട്രാഫിക് പട്രോൾ ഡയറക്ടറേറ്റിലെ ട്രാഫിക് കൺട്രോൾ വിഭാഗം മേധാവി മേജർ ജനറൽ അബ്ദുല്ല അൽ ഖുബൈസി പറഞ്ഞു. ചിലർ ഗതാഗതം തടസപ്പെടുമെന്നതൊന്നും കാര്യമാക്കാതെയാണ് അപകട ദൃശ്യങ്ങൾ കാണാൻ തടിച്ചു കൂടുന്നത്. വാഹനങ്ങൾ തിരക്കിലേക്ക് പാഞ്ഞു കേറാൻ ചിലപ്പോഴിത് വഴിവെക്കും. രക്ഷാ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാനും കാരണമാവും. പിഴ ഏർപ്പെടുത്തുന്നത് ജനങ്ങൾ നിയമവിരുദ്ധമായി റോഡിൽ തടിച്ചു കൂടുന്നത് ഒഴിവാക്കാനും ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും എളുപ്പത്തിൽ പ്രവർത്തിക്കാനും സഹായകമാവും. അപകട ദൃശ്യങ്ങളും പരിക്കേറ്റവരുടെ ചിത്രങ്ങളും പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നവർ ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതിന് നിയമ നടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.