ന്യൂസിലാൻറ് വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ‘ലെവൽ 7’, ‘ലെവൽ 8’, ‘ലെവൽ 9’ എന്നൊക്കെ കേൾക്കാറുണ്ട്. പലർക്കും എന്താണ് ഈ ലെവലുകൾ എന്നതിനെക്കുറിച്ച് വലിയ ധാരണയുണ്ടാകില്ല. ഇതിൽ ‘ലെവൽ 8’ എന്നത് കരിയർ പ്ലാനിങ്ങിൽ തന്ത്രപരമായി ഉപയോഗിക്കാവുന്ന ഒരു വലിയ സാധ്യതയാണ്. ലളിതമായി പറഞ്ഞാൽ, ന്യൂസിലൻറിലെ വിദ്യാഭ്യാസ യോഗ്യതകളെ അവർ തരംതിരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
● ലെവൽ 7: സാധാരണ ബാച്ചിലേഴ്സ് ഡിഗ്രി(3 വർഷം).
● ലെവൽ 9: മാസ്റ്റേഴ്സ് ഡിഗ്രി(2 വർഷം).
● ലെവൽ 10: പി.എച്ച്.ഡി.
ഇവിടെ ലെവൽ 7നും ലെവൽ 9നും ഇടയിലുള്ള പാലമാണ് ലെവൽ 8. ഇതിൽ പ്രധാനമായും വരുന്നത് ‘പി.ജി ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്സ് ഓണേഴ്സ് ഡിഗ്രികളാണ്. സാധാരണയായി ഡിഗ്രി കഴിഞ്ഞവർക്ക് ഒരു വർഷം കൊണ്ട് ഇത് പൂർത്തിയാക്കാം.
എന്തുകൊണ്ടാണ് ലെവൽ 8?
1. സമയവും പണവും ലാഭിക്കാം: സാധാരണ ഒരു മാസ്റ്റേഴ്സ് (ലെവൽ 9) ചെയ്യാൻ 1.5 മുതൽ 2 വർഷം വരെ വേണം. അത്രയും കാലത്തെ ഫീസും താമസച്ചെലവും കണ്ടെത്തുക എന്നത് പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ ലെവൽ 8 വെറും ഒരു വർഷം കൊണ്ട് തീർക്കാം. അതായത്, ഫീസ് പകുതിയോളം കുറയും! വേഗത്തിൽ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അനുഗ്രഹമാണ്.
2. മാസ്റ്റേഴ്സിലേക്കുള്ള വഴി: ചിലപ്പോൾ ഡിഗ്രിക്ക് മാർക്ക് കുറവായതുകൊണ്ട് നേരിട്ട് മാസ്റ്റേഴ്സിന് അഡ്മിഷൻ കിട്ടാത്തവരുണ്ടാകും. അവർക്ക് ആദ്യം ലെവൽ 8ൽ പി.ജി ഡിപ്ലോമ ചെയ്ത ശേഷം, നല്ല മാർക്കുണ്ടെങ്കിൽ ക്രെഡിറ്റ് ട്രാൻസ്ഫർ വഴി മാസ്റ്റേഴ്സിലേക്ക് മാറാനോ, അല്ലെങ്കിൽ പി.ജി ഡിപ്ലോമ കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനോ സാധിക്കും.
3. വിസ ആനുകൂല്യങ്ങൾ: ഇവിടെയാണ് കാര്യം. ലെവൽ 8 പഠിക്കുന്ന വിദ്യാർഥിക്കും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ ന്യൂസിലാൻറിൽ തങ്ങി ജോലി ചെയ്യാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കും. അതായത്, രണ്ട് വർഷം കൊണ്ട് മാസ്റ്റേഴ്സ് കഴിഞ്ഞ് ഇറങ്ങുന്ന ആളിനും, ഒരു വർഷം കൊണ്ട് പി.ജി ഡിപ്ലോമ കഴിഞ്ഞ് ഇറങ്ങുന്ന ആളിനും ജോലി തേടാനുള്ള അവസരം ലഭിക്കുന്നുണ്ട് (കോഴ്സിന്റെ ദൈർഘ്യത്തിനനുസരിച്ച് വിസയുടെ കാലാവധിയിൽ മാറ്റം വരാം, എങ്കിലും ഒരു വർഷത്തെ പി.ജി ഡിപ്ലോമക്ക് ശേഷം വിസ ലഭിക്കാറുണ്ട്).
ഒരു വലിയ ‘ട്വിസ്റ്റ്’ ഉണ്ട്!
ലെവൽ 8 തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട, പല ഏജൻസികളും വ്യക്തമായി പറയാത്ത ഒരു കാര്യമുണ്ട്. അത് വിവാഹിതരായവരെ ബാധിക്കുന്ന കാര്യമാണ്. പണ്ട്, നിങ്ങൾ ന്യൂസിലൻറിൽ ലെവൽ 8 പഠിക്കാൻ പോയാൽ നിങ്ങളുടെ ഭർത്താവിനോ ഭാര്യക്കോ ‘ഓപൺ വർക്ക് വിസ’ കിട്ടുമായിരുന്നു. അതായത്, നിങ്ങൾ പഠിക്കുമ്പോൾ അവർക്ക് അവിടെ ഏത് ജോലിയും ചെയ്ത് പണം സമ്പാദിക്കാമായിരുന്നു. ഇത് കുടുംബമായി പോകുന്നവർക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാലിപ്പോൾ നിയമം മാറി.
പുതിയ നിയമപ്രകാരം, നിങ്ങൾ പഠിക്കുന്ന ലെവൽ 8 കോഴ്സ് ന്യൂസിലൻറിന്റെ ‘ഗ്രീൻ ലിസ്റ്റിൽ’ ഉൾപ്പെട്ടതാണെങ്കിൽ മാത്രമേ നിങ്ങളുടെ പങ്കാളിക്ക് വർക്ക് വിസ കിട്ടുകയുള്ളൂ. എന്താണ് ഈ ഗ്രീൻ ലിസ്റ്റ്? ന്യൂസിലാൻറിൽ കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്ന മേഖലകളുടെ(ഉദാഹരണത്തിന് എഞ്ചിനീയറിങ്, ഹെൽത്ത്, ടീച്ചിങ്, കൺസ്ട്രക്ഷൻ തുടങ്ങിയവ) പട്ടികയാണിത്. ഉദാഹരണത്തിന്, നിങ്ങൾ ലെവൽ 8ൽ ‘കൺസ്ട്രക്ഷൻ പ്രൊജക്റ്റ് മാനേജ്മെന്റ്’(ഗ്രീൻ ലിസ്റ്റിലുള്ളത്) ആണ് പഠിക്കുന്നതെങ്കിൽ, നിങ്ങളുടെ പങ്കാളിക്ക് വർക്ക് വിസ കിട്ടും. എന്നാൽ നിങ്ങൾ ലെവൽ 8ൽ വെറുമൊരു ‘ബിസിനസ് മാനേജ്മെന്റ്’ (ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്തത്) ആണ് പഠിക്കുന്നതെങ്കിൽ, നിങ്ങളുടെ പങ്കാളിക്ക് വിസിറ്റർ വിസ മാത്രമേ കിട്ടൂ. അവർക്ക് അവിടെ ജോലി ചെയ്യാൻ നിയമപരമായ അനുവാദമുണ്ടാകില്ല. ഒരു വർഷം അവരുടെ ചെലവ് കൂടി നിങ്ങൾ കണ്ടെത്തേണ്ടി വരും.
അതുകൊണ്ട്, ഭർത്താവോ ഭാര്യയോ ഒപ്പം വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഒന്നുകിൽ ഗ്രീൻ ലിസ്റ്റിലുള്ള കോഴ്സ് തന്നെ ലെവൽ 8ൽ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ കണ്ണും പൂട്ടി ലെവൽ 9 (മാസ്റ്റേഴ്സ്) തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. മാസ്റ്റേഴ്സ് പഠിക്കുന്നവരുടെ പങ്കാളികൾക്ക് ഇപ്പോഴും വർക്ക് വിസ ലഭിക്കുന്നുണ്ട്(അവരും ചില നിബന്ധനകൾക്ക് വിധേയമാണ്, എങ്കിലും ലെവൽ 8നേക്കാൾ സേഫ് ആണ്).
പാർട്ട്ടൈം ജോലിയും ജീവിതവും
ന്യൂസിലാൻറിലെ ജീവിതം അത്ര ചെലവേറിയതല്ല, എന്നാൽ ഒട്ടും കുറവുമല്ല. അതുകൊണ്ട് തന്നെ പഠനത്തോടൊപ്പം ജോലി ചെയ്യുക എന്നത് മിക്ക വിദ്യാർഥികൾക്കും അത്യാവശ്യമാണ്. സ്റ്റുഡന്റ് വിസയിൽ ഉള്ളവർക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാൻ അനുവാദമുണ്ട്. സെമസ്റ്റർ ബ്രേക്കുകളിലും ക്രിസ്മസ് അവധിക്കാലത്തും ഫുൾ ടൈം(ആഴ്ചയിൽ 40 മണിക്കൂർ) ജോലിയും ചെയ്യാം. സൂപ്പർ മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലൊക്കെ സാധാരണയായി വിദ്യാർഥികൾക്ക് ജോലി ലഭിക്കാറുണ്ട്. മണിക്കൂറിന് ഏകദേശം 23-25 ന്യൂസിലാൻറ് ഡോളർ (മിനിമം വേജ്) ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണച്ചെലവും പോക്കറ്റ് മണിയും സുഖമായി കണ്ടെത്താം. ഫീസിലേക്കുള്ള പണം ഇതിൽ നിന്ന് കണ്ടെത്താം എന്ന് കരുതരുത്, അത് നടക്കില്ല.
കൃത്യമായ പ്ലാനിങ്ങോടെ സമീപിച്ചാൽ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ന്യൂസിലാൻറിന് സാധിക്കും. പച്ചപ്പ് നിറഞ്ഞ ക്യാമ്പസുകളും, അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികളും, പഠനശേഷം ലഭിക്കുന്ന മികച്ച കരിയർ സാധ്യതകളും ആരെയും മോഹിപ്പിക്കുന്നതാണ്. നിങ്ങൾ അവിവാഹിതനാണെങ്കിൽ, വേഗത്തിൽ പഠിച്ച് സെറ്റിൽ ആകണമെങ്കിൽ ലെവൽ 8 ഒരു മികച്ച ഓപ്ഷനാണ്. ഇനി കുടുംബമായി പോകാനാണ് പ്ലാനെങ്കിൽ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ഗ്രീൻ ലിസ്റ്റ് നോക്കാൻ മറക്കരുത്. വിസ നടപടികൾക്കും മറ്റും കുറച്ച് സമയമെടുക്കും എന്നതിനാൽ കോഴ്സ് തുടങ്ങുന്നതിന് ചുരുങ്ങിയത് 6 മാസം മുൻപെങ്കിലും തയാറെടുപ്പുകൾ തുടങ്ങാൻ ശ്രദ്ധിക്കുമല്ലോ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.