ദുബൈയിൽ വൈദ്യുതി ബിൽ ചാറ്റ്​ ജി.പി.ടി വഴി അറിയാം

ദുബൈ: എമിറേറ്റിലെ വൈദ്യുതി, ജലവിതരണ വകുപ്പായ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യുടെ സേവനങ്ങൾ ഇനി ചാറ്റ്​ ജി.പി.ടി ആപ് വഴിയും ലഭ്യമാകും. ദുബൈ നിവാസികൾക്ക് ദീവ ബില്ലുകൾ പരിശോധിക്കാനും പഴയ ബില്ലുകൾ കാണാനും അക്കൗണ്ട് വിവരങ്ങൾ അറിയാനും ചാറ്റ്​ ജി.പി.ടി ഉപയോഗിക്കാം. ആദ്യമായാണ്​ ആഗോള എ.ഐ പ്ലാറ്റ്ഫോം വഴി ഒരു സർക്കാർ ഏജൻസി സേവനം ലഭ്യമാക്കുന്നത്​. എ.ഐ പ്ലാറ്റ്ഫോം വഴി സേവനം ലഭ്യമാക്കുന്ന ലോകത്തെ​ ആദ്യ യൂട്ടിലിറ്റി സ്ഥാപനമെന്ന നേട്ടവും ഇതുവഴി ‘ദീവ’ സ്വന്തമാക്കിയതായി അധികൃതർ എക്സ്​ അക്കൗണ്ടിൽ വ്യക്​തമാക്കി.

സുരക്ഷിത ഒതന്റിക്കേഷൻ സംവിധാനത്തിലൂടെയാണ് ഉപയോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ ലഭ്യമാകുന്നത്. ചാറ്റ്​ ജി.പി.ടി വഴി ബില്ലിന്റെ തുക, അവസാന പേയ്‌മെന്റ് തീയതി, വൈദ്യുതി–ജല ഉപഭോഗ വിവരങ്ങൾ തുടങ്ങിയവ അറിയാൻ കഴിയും. കൂടാതെ, ദീവ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷൻ, പ്രവർത്തന സമയം, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഗ്രീൻ ചാർജർ സ്റ്റേഷനുകളുടെ വിവരങ്ങൾ എന്നിവയും ലഭ്യമാകും.

സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പാക്കിയത്. ‘ദീവ’യുടെ സേവനങ്ങൾ ചാറ്റ്​ ജി.പി.ടി ആപ്സ് ഡയറക്ടറിയിലൂടെ ലഭ്യമാക്കുന്നത് ആധുനിക സ്മാർട്ട് സംവിധാനങ്ങൾ സ്വീകരിക്കുന്നതിലെ പങ്ക് ശക്തിപ്പെടുത്തുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സുരക്ഷിതമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതുമാണെന്ന്​ കമ്പനി മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

യു.എ.ഇയിൽ എ.ഐ ഉപയോക്​താക്കളുടെ എണ്ണം തുടർച്ചയായി വളർന്നുകൊണ്ടിരിക്കുകയാണെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​. ഓപൺ എ.ഐ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ഉപയോക്​താക്കളുടെ എണ്ണം മൂന്ന് മടങ്ങ് വർധിച്ചിട്ടുണ്ട്​. 18 മുതൽ 24 വയസ്സ് വരെയുള്ളവരിൽ ഏകദേശം 60 ശതമാനവും 25മുതൽ 34 വയസ്​ വരെയുള്ളവരിൽ പകുതിയും ചാറ്റ്​ ജി.പി.ടി ആഴ്ചയിൽ ഓരോവട്ടമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്​.

Tags:    
News Summary - Electricity bill in Dubai can be checked through Chat GPT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.