അൽഖുദ്​റ റോഡ്​ ജങ്​ഷനിൽ നിർമിച്ച പുതിയ പാലം

ദുബൈ അൽഖുദ്​റ റോഡ്​ ജങ്​ഷനിൽ പുതിയ പാലം തുറന്നു

ദുബൈ: അൽ ഖുദ്​റ റോഡും അറേബ്യൻ റേഞ്ചസ്–ദുബൈ സ്റ്റുഡിയോ സിറ്റി ലിങ്ക് റോഡും ചേരുന്ന ജങ്​ഷനിൽ 600 മീറ്റർ നീളമുള്ള നാല് ലെയിൻ പാലം തുറന്നു. അൽ ഖുദ്​റ റോഡിലെ പ്രധാന ഇന്റർസെക്ഷൻ വികസന പദ്ധതിയുടെ ഭാഗമായാണ് ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) പാലം തുറന്നത്​. പുതിയ പാലം പ്രവർത്തനക്ഷമമായതോടെ പ്രദേശത്തെ ഗതാഗത ശേഷി മണിക്കൂറിൽ 6,600 വാഹനങ്ങളിൽനിന്ന് 19,200 വാഹനങ്ങളായി ഉയർന്നിട്ടുണ്ട്​. ഇതോടെ ജങ്​ഷനിലെ കാത്തിരിപ്പ് സമയം 113 സെക്കൻറിൽനിന്ന് 52 സെക്കൻറായി കുറഞ്ഞു. ഇതോടെ യാത്രക്കാർക്ക്​ ഏകദേശം 55 ശതമാനം സമയം ലാഭിക്കാനാകും.

ഫെബ്രുവരി 15ന് അൽ ഖുദ്​റ റോഡും ശൈഖ്​ സായിദ് ബിൻ ഹംദാൻ ആൽ നഹ്​യാൻ സ്ട്രീറ്റും ചേരുന്ന ജങ്​ഷനിലെ വടക്കുഭാഗത്തെ (ഇടത് ഭാഗം) പാലവും തുറക്കും. 700 മീറ്റർ നീളമുള്ള ഈ പാലത്തിൽ ഓരോ ദിശയിലേക്കും രണ്ട് ലെയിനുകളാണുള്ളത്​. തെക്കുഭാഗത്തെ പാലത്തിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്​.

അൽ ഖുദ്​റ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 9.4 മിനിറ്റിൽനിന്ന് 2.8 മിനിറ്റായി കുറയുമെന്നും 70ശതമാനം സമയം ലാഭിക്കാനാകുമെന്നും ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ വ്യക്തമാക്കി. അറേബ്യൻ റാഞ്ചസ് 1, 2, ദുബൈ മോട്ടോർ സിറ്റി, ദുബൈ സ്റ്റുഡിയോ സിറ്റി, ദമാക് ഹിൽസ്, മുഡോൺ, സസ്റ്റെയിനബിൾ സിറ്റി തുടങ്ങിയ പ്രധാന റെസിഡൻഷ്യൽ, വികസന മേഖലകൾക്ക് പദ്ധതി വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്​.

മൊത്തം 11.6 കി.മീറ്റർ ദൈർഘ്യത്തിൽ റോഡ് വികസനം, 2,700 മീറ്റർ നീളത്തിലുള്ള പാലങ്ങളുടെ നിർമാണം, നിരവധി പ്രധാന ഇന്റർസെക്ഷനുകളുടെ നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം നാല് ലക്ഷം താമസക്കാരുടെയും സന്ദർശകരുടെയും ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - New bridge opens at Al Qudra Road junction in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.