ദുബൈ: എമിറേറ്റിലെ തൊഴിലാളി തർക്കങ്ങൾ പത്തു ദിവസം കൊണ്ട് തീർപ്പാക്കാൻ പദ്ധതി. നിലവിൽ 30 ദിവസം എടുത്തിരുന്നത് 10 ദിവസമാക്കി കുറക്കാൻ മാനവ വിഭവ^സ്വദേശിവത്കരണ മന്ത്രാലയം വിപുല സംവിധാനങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. തൊഴിൽ തർക്കങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒത്തുതീർക്കുന്നതിന് ആറ് സംഘങ്ങൾ രൂപം നൽകിയതായി മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം ഡയറക്ടർ മുഹമ്മദ് അഹ്മദ് മുബാറക് അൽ ഹമ്മാദി വ്യക്തമാക്കി. തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ട സമയത്തിൽ നല്ല കുറവു വരും. തൊഴിലാളികളുടെ പരാതികൾ സേവന കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം. കോടതിയിലേക്ക് നീങ്ങാതെ രമ്യമായി പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുക.
ദുബൈ കോർട്സ് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കനുസൃതമായ ‘ഗ്രീൻ റൂം’ ആണ് പദ്ധതികളിലൊന്ന്. തർക്കത്തിലുള്ള കക്ഷികൾക്ക് സമാധാനപൂർണമായ ഒരു അന്തരീക്ഷത്തിൽ ഇരുന്ന് ചർച്ച ചെയ്യാനുള്ള സൗകര്യമാണ് അവിടെ ഒരുക്കുക. നിയമ ഉപദേശ സംവിധാനമാണ് മറ്റൊരു പദ്ധതി. തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നൽകാനാണിത്. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് രണ്ടു ദിവസം കൊണ്ട് കൃത്യമായ മറുപടി നൽകും.
സഞ്ചരിക്കുന്ന തൊഴിൽ കോടതികളാണ് തർക്കങ്ങൾ എളുപ്പം തീർപ്പാക്കാനുള്ള സുപ്രധാന പദ്ധതികളിലൊന്ന്.
മന്ത്രാലയത്തിലെ തൊഴിൽ ഇൻസ്പെക്ടർമാരും ദുബൈ കോടതിയിലെ വിദഗ്ധരും ഉൾക്കൊള്ളുന്ന സഞ്ചരിക്കുന്ന കോടതി തൊഴിലാളികളുടെ പ്രശ്നങ്ങളിലും സമരങ്ങളിലും അടിയന്തിരമായി ഇടപെടും. തങ്ങളുടെ സഹപ്രവർത്തകരുടെ ഭാഗം വിശദീകരിക്കാനായി തൊഴിലാളികൾക്കും കോടതി അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.