യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
കുട്ടികളോടൊപ്പം പതാക ദിനത്തിൽ
ദുബൈ: ചതുർവർണ ശോഭയിൽ യു.എ.ഇ ദേശീയ പതാകദിനം ആചരിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയ മന്ദിരങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീയ പതാകയാൽ അലംകൃതമായി. രാജ്യത്തിന്റെ ഐക്യം വിളിച്ചോതി രാവിലെ 11ന് വിവിധ ഭാഗങ്ങളിൽ ദേശീയ പതാക ഉയർത്തി. യു.എ.ഇ സേനയുടെ ആകാശ അഭ്യാസങ്ങളും അരങ്ങേറി.
2004ല്‍ യു.എ.ഇയുടെ പ്രസിഡന്റായി ശൈഖ് ഖലീഫ സ്ഥാനമേറ്റെടുത്തതിനോടനുബന്ധിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമാണ് 2013 മുതൽ പതാകദിനം വിഭാവനം ചെയ്തത്. എല്ലാ എമിറേറ്റുകളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വാഹനങ്ങളും ദേശീയ പതാകയിൽ കുളിച്ച് നിന്നു. യു.എ.ഇ മുദ്രയുള്ള തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, കീച്ചെയിന് തുടങ്ങിയ ഉല്പന്നങ്ങളും വ്യാപകമായിരുന്നു. യു.എ.ഇ പൗരന്മാരുടെ വീടുകളും ദേശീയ പതാകയിൽ തിളങ്ങിനിന്നു.
ദുബൈ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലൈബ്രറിയിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പതാക ഉയർത്തി. അബൂദബി പ്രസിഡൻഷ്യൽ കോർട്ടിൽ യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ദേശീയ പതാക ഉയർത്തി. ജി.ഡി.ആർ.എഫ്.എ മുഖ്യകാര്യാലയമായ ജാഫലിയ ഓഫിസ് കവാടത്തിൽ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ദേശീയ പതാക ഉയർത്തി. തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സൈനിക പരേഡും നടന്നു. ഡയറക്ടർ ജനറൽ സല്യൂട്ട് സ്വീകരിച്ചു.
1971ൽ അബ്ദുല്ല അൽ മായ്നയാണ് യു.എ.ഇ ദേശീയ പതാകക്ക് രൂപംനൽകിയത്. അറബ് ലോകത്തിന്റെ ഐക്യത്തെ പ്രതിനിധാനം ചെയ്ത് ചവുപ്പ്, വെള്ള, കറുപ്പ്, പച്ച എന്നീ നിറങ്ങളാണ് ദേശീയ പതാകക്ക് നൽകിയിരിക്കുന്നത്. ദുബൈ എക്സ്പോ നഗരി, പൊലീസ് ആസ്ഥാനം, ആർ.ടി.എ ദുബൈ ഹെൽത്ത് അതോറിറ്റി, അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലും പതാക ഉയർത്തി. ലോക രാജ്യങ്ങളിലെ നേതാക്കളും യു.എ.ഇ ഭരണാധികാരികളും ദേശീയ പതാക ദിനത്തിൽ ആശംസയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.