ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാനും യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ്

ബാലാമയും കരാറിൽ ഒപ്പുവെക്കുന്നു

യു.എ.ഇ-ബഹ്റൈൻ സാമ്പത്തിക സഹകരണം ശക്​തി​പ്പെടുത്താൻ കരാർ

ദുബൈ: ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം ശക്​തി​പ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്കും (സി.ബി.യു.എ.ഇ) ബഹ്റൈൻ സെൻട്രൽ ബാങ്കും (സി.ബി.ബി) തമ്മിൽ 20 ശതകോടി ദിർഹം മൂല്യമുള്ള കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു.

യു.എ.ഇ ദിർഹവും ബഹ്റൈൻ ദിനാറും അടിസ്ഥാനമാക്കിയാണ്​ കരാർ ഒപ്പുവെച്ചത്. ഓൺലൈൻ ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തെ കാലാവധിയുള്ള കരാർ പ്രാദേശിക കറൻസികളിൽ വ്യാപാരം ശക്​തിപ്പെടുത്തുകയും മേഖലയുടെ പണ സ്ഥിരത നിലനിർത്തുകയും ചെയ്യുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയും ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാനുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. ഇരു രാജ്യങ്ങൾക്കുമിടയിലെ നിലവിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കരാർ. സാമ്പത്തിക, നാണയ സഹകരണത്തെ വിപുലീകരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഉറപ്പിക്കുന്നതാണ്​ കരാറെന്ന്​ ഖാലിദ് മുഹമ്മദ് ബാലാമ പറഞ്ഞു. പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള സഹകരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക സ്ഥിരതയും അന്താരാഷ്ട്ര പങ്കാളിത്തവും ശക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്റൈൻ-യു.എ.ഇ ബന്ധങ്ങളുടെ ശക്തിയും ആഴവും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് ഖാലിദ് ഹുമൈദാൻ പറഞ്ഞു. ഇത് സാമ്പത്തിക വളർച്ചക്ക്​ പ്രചോദനമാവുകയും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - UAE-Bahrain sign agreement to strengthen economic cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.