അബൂദബി പൊലീസ് പങ്കുവെച്ച ദൃശ്യത്തിൽനിന്ന്

തുടർച്ചയായ വാഹനാപകടങ്ങളുടെ ദൃശ്യം പങ്കുവെച്ച് അബൂദബി പൊലീസ്

അബൂദബി: അശ്രദ്ധവും പെട്ടെന്നുള്ളതുമായ റോഡ് ട്രാക്ക് മാറ്റം കാരണം അബൂദബിയിലെ റോഡുകളിലുണ്ടായ തുടര്‍ച്ചയായ വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അബൂദബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കണ്‍ട്രോള്‍ ആന്‍ഡ് മോണിറ്ററിങ് സെന്‍ററുമായി സഹകരിച്ച് 'യുവര്‍ കമന്‍റ്' കാമ്പയിന്‍റെ ഭാഗമായാണ് വ്യത്യസ്ത അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

പെട്ടെന്നുള്ള വരിമാറ്റം കാരണം ഒരു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുന്നതും, മറ്റൊരു അപകടത്തില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വാണിജ്യ ട്രക്ക് റോഡിലേക്ക് മറിയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രാത്രി സമയത്തുണ്ടായ ഒന്നാമത്തെ അപകടത്തില്‍, വലത്തോട്ട് തിരിയാന്‍ ശ്രമിച്ച വാഹനം പെട്ടെന്ന് വരിമാറിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി സമീപത്തെ തോട്ടത്തില്‍ ചെന്ന് നില്‍ക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ഈ കാറിന് തീപിടിക്കുകയും ചെയ്തു. രണ്ടാമത്തെ സംഭവത്തില്‍, ലെയ്‌നുകള്‍ക്കിടയിലൂടെ അലക്ഷ്യമായി സിഗ്‌സാഗ് രീതിയില്‍ ഓടിച്ച കാര്‍ തൊട്ടടുത്ത ലെയ്‌നിലെ ട്രക്കില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് റോഡരികിലെ ബാരിയറിലേക്ക് മറിഞ്ഞു. ഇത് ഈ ഭാഗത്തെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തുകയും ചെയ്തു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡില്‍ പൂര്‍ണ ശ്രദ്ധ പുലര്‍ത്തണമെന്നും ലെയ്‌നുകള്‍ കൃത്യമായി പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 

Tags:    
News Summary - Abu Dhabi Police share footage of a series of vehicle accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.