റാസല്‍ഖൈമ: എമിറേറ്റിലെ സമുദ്ര ഗതാഗത മേഖലയുടെ നവീകരണം ലക്ഷ്യമിട്ട് പുതിയ നിര്‍വഹണ ചട്ടം നിലവില്‍ വന്നു. റാക് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദാണ് സമുദ്ര ഗതാഗത മേഖലയെ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്ന പുതിയ എക്സിക്യൂട്ടിവ് റെഗുലേഷന്‍ പുറപ്പെടുവിച്ചത്.
ഇതുപ്രകാരം റാസല്‍ഖൈമയിലെ സമുദ്രയാന ലൈസന്‍സിങ്, കപ്പലുകളുടെ പ്രവര്‍ത്തനം, ജല കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. പുതിയ ചട്ട പ്രകാരം റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കാണ് (റാക്ട) സമുദ്ര ഗതാഗത പ്രവര്‍ത്തന നിയമ നടപടികളുടെ നിര്‍വഹണ ചുമതല.
2023ലെ 13-ാം നമ്പര്‍ നിയമപ്രകാരം പുറത്തിറക്കിയ എക്സിക്യൂട്ടീവ് റെഗുലേഷന്‍ റാസല്‍ഖൈമയിലെ സമുദ്രഗതാഗത മേഖലയെ നല്ല രീതിയില്‍ ക്രമവത്കരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നതിനുള്ള സമഗ്ര നിയമചട്ടക്കൂടാണ്. സമുദ്രയാനങ്ങളുടെ രജിസ്ട്രേഷന്‍, ലൈസന്‍സിങ്, പ്രവര്‍ത്തനം, ഉടമകളുടെയും ഓപറേറ്റര്‍മാരുടെയും ഉത്തരവാദിത്തങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിശോധനാ നടപടിക്രമങ്ങള്‍, ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങള്‍ ലോക നിലവാരത്തിലാക്കുന്നതിനും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇത് ഉതകും. റാസല്‍ഖൈമയുടെ സാമ്പത്തിക-വിനോദ വികസനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ എക്സിക്യൂട്ടിവ് റെഗുലേഷന്‍ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കപ്പലുകളെ തരംതിരിക്കല്‍, സന്ദര്‍ശക കപ്പലുകളുടെ ലൈസന്‍സിങ് രീതി, ജലഗതാഗത യാനങ്ങളിലെ ബെര്‍ത്തിങ് സൗകര്യം, മറൈന്‍ പരിശീലന കേന്ദ്രങ്ങള്‍, ജല വിനോദ പരിപാടികള്‍ തുടങ്ങി വ്യത്യസ്ത മേഖലകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് പുതിയ നിര്‍വഹണ ചട്ടം.
സമുദ്ര സുരക്ഷാ മാനദണ്ഡങ്ങള്‍, സാങ്കേതിക-പരിസ്ഥിതി നിര്‍ദേശങ്ങള്‍, പരിശോധന നടപടികള്‍, അപകട-അടിയന്തര സാഹചര്യങ്ങളിലെ ഇടപെടല്‍, നിയന്ത്രണങ്ങള്‍, നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍, ശിക്ഷാ നടപടികള്‍ തുടങ്ങിയവ ചട്ടത്തില്‍ ഉള്‍പ്പെടുന്നു. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന പുതിയ എക്സിക്യൂട്ടിവ് റെഗുലേഷന്‍ ആരോഗ്യകരമായ സമുദ്ര പരിസ്ഥിതി പരിപാലനത്തിനും എല്ലാ വിഭാഗം ജലയാനങ്ങളുടെയും സമുദ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഏകീകൃത ഡാറ്റാബേസ് ഡിജിറ്റലൈസ് ചെയ്യുന്നതിനും നിർദേശിക്കുന്നു.
പുതിയ എക്സിക്യൂട്ടിവ് റെഗുലേഷന്‍ റാസല്‍ഖൈമയുടെ സമുദ്ര ഗതാഗത മേഖലയിലെ വികസനത്തിന് ഊര്‍ജം പകരുന്ന സുപ്രധാന ചുവടുവെപ്പാണെന്ന് റാക്ട മുന്‍ ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി പറഞ്ഞു. മേഖലയുടെ വളര്‍ച്ചക്കും ആധുനികവത്കരണത്തിനും ഇത് വഴിയൊരുക്കും. ‘സമുദ്ര ടൂറിസം’ കേന്ദ്രമെന്ന നിലയില്‍ റാസല്‍ഖൈമയെ കൂടുതല്‍ ശക്തിപ്പെടുത്തും. സമുദ്ര ഗതാഗതം, ടൂറിസം, വാട്ടര്‍ സ്പോര്‍ട്സ് മേഖലകളില്‍ പുതിയ നിക്ഷേപം കൊണ്ടുവരുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.