ദുബൈ: എബോള വൈറസ് വ്യാപനം തടയുന്നതിനായി യു.എ.ഇ അധികൃതർ പുതിയ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. എബോള ബാധിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. 2026 ജൂൺ 6 ശനിയാഴ്ച ഉച്ച 1.00 മണി മുതൽ വിസ വിലക്ക് നിലവിൽ വരും. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി ഇത് നീട്ടിയേക്കാം.
എബോള വൈറസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നേരിടുന്നതിനായി നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്‍റ് അതോറിറ്റിയും (എൻ.സി.ഇ.എം.എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ഐ.സി.പി) വെള്ളിയാഴ്ചയാണ് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചത്. ഈ മൂന്ന് രാജ്യങ്ങളിൽനിന്ന് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ആയി വരുന്നവർ ഉൾപ്പെടെയുള്ളവർക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. യു.എ.ഇയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഈ രാജ്യങ്ങൾക്ക് പുറത്ത് 21 ദിവസത്തിലധികം കഴിഞ്ഞിട്ടുള്ള യാത്രക്കാർക്ക് മാത്രമേ പ്രവേശനാനുമതി നൽകൂ. അതേസമയം, യു.എ.ഇയും ഈ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരും.
എൻ.സി.ഇ.എം.എയും ഐ.സി.പിയും പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഏകോപിപ്പിച്ച് എബോള വൈറസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത് തുടരും. ഇത് മറ്റ് രാജ്യങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുകയും അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. എബോളക്കെതിരെയുള്ള മുൻകരുതൽ യു.എ.ഇ തുടരുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരീക്ഷണം, നേരത്തെയുള്ള കണ്ടെത്തൽ, വിമാനത്താവളങ്ങളിലെ സജ്ജീകരണങ്ങൾ, ആരോഗ്യ പരിപാലന തയാറെടുപ്പുകൾ എന്നിവ ഈ മുൻകരുതൽ നടപടികളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.