ദുബൈ: ദേശീയ ബഹിരാകാശ വ്യവസായ പ്രോഗ്രാം പ്രഖ്യാപിച്ച് യു.എ.ഇ. 2031ഓടെ ലോകത്തെ ഏറ്റവും മികച്ച 10 ബഹിരാകാശ സാമ്പത്തികശക്തികളിൽ ഒന്നായി യു.എ.ഇയെ മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ മത്സരക്ഷമതയെ പ്രോത്സാഹിപ്പിക്കുകയും ദേശീയ, അന്തർദേശീയ കമ്പനികളുടെ പ്രവർത്തനത്തെ പിന്തുണക്കുകയും ചെയ്യും.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കൗൺസിലിന്റെ രണ്ടാമത് യോഗത്തിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയത്. സ്പേസ് കൗൺസിലിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് ഹംദാൻ.
വളരുന്നതും നിലവിലുള്ളതുമായ ബഹിരാകാശ കമ്പനികളെ ആകർഷിക്കുന്നതിനും പിന്തുണക്കുന്നതിനുമുള്ള സംരംഭങ്ങളുടെയും നയങ്ങളുടെയും ഒരു സമഗ്ര പാക്കേജ് പുതിയ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ബഹിരാകാശ വികസനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിക്ഷേപം വർധിപ്പിക്കുകയും വിവിധ കമ്പനികളുടെ വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും അറിവ് കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയുടെ ബഹിരാകാശ സ്ഥാപനങ്ങളുടെയും ബഹിരാകാശ രംഗത്തെ കയറ്റുമതിയുടെയും എണ്ണം ഇരട്ടിയാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പുതിയ പദ്ധതിയിലൂടെ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ മൂല്യം 60 ശതമാനം വർധിപ്പിക്കാനും മൊത്തത്തിലുള്ള വരുമാനം ഇരട്ടിയാക്കാനും 2031 ആകുമ്പേഴേക്കും ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബഹിരാകാശ സമ്പദ്വ്യവസ്ഥകളിൽ യു.എ.ഇയെ ഉൾപ്പെടുത്താനുമാണ് ശ്രമമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. മൂന്ന് പ്രധാന ലക്ഷ്യങ്ങൾക്കായുള്ള ബഹിരാകാശ മേഖലയുടെ പുതിയ നയപരമായ സമീപനം യോഗത്തിൽ അദ്ദേഹം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.