ദുബൈ: കാൽനടക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) രണ്ട് പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ശൈഖ് റാശിദ് സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പുതിയ കാൽനട മേൽപാലങ്ങൾ. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലങ്ങളുടെ നിർമാണം. സൈക്കിൾ യാത്രികർക്ക് വേണ്ടിയുള്ള ആറ് മേൽപാലങ്ങളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇതിൽ അഞ്ചെണ്ണം ഈ വർഷം അവസാനത്തോടെ തുറന്നു നൽകും. ആറാമത്തെ പാലം 2027ലെ ആദ്യ പാദത്തിൽ പൂർത്തിയാക്കുമെന്നും ആർ.ടി.എ വാർത്തകുറിപ്പിൽ അറിയിച്ചു.
2030 ഓടെ നഗരത്തിൽ 23 പുതിയ കാൽനട മേൽപാലങ്ങളുടെ നിർമാണവും ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. 2006ൽ നഗരത്തിലെ കാൽനട മേൽപ്പാലങ്ങളുടെ എണ്ണം 26 ആയിരുന്നു. എന്നാൽ, 2024 ലിലെത്തിയപ്പോൾ കാൽനട മേൽപ്പാലങ്ങളുടെ എണ്ണം 177 ആയി ഉയർന്നു. 581 ശതമാനമാണ് വർധന. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും എമിറേറ്റിലെ എല്ലാ റോഡ് ഉപഭോക്താക്കൾക്കും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ അനുവദിക്കുന്നതിനും കാൽനട- സൈക്ലിസ്റ്റ് സൗഹൃദ നഗരമായി ദുബൈയെ പരിവർത്തിപ്പിക്കുന്നതിനുമുള്ള ഭരണകൂട നേതൃത്വത്തിന്‍റെ നിർദേശമാണ് പുതിയ മേൽപാലങ്ങളുടെ നിർമാണ പൂർത്തീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് ആർ.ടി.എ എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. നഗരത്തിന്‍റെ ജീവിത നിലവാര അജണ്ടയെ പിന്തുണക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റസിഡൻഷ്യൽ മേഖലകളെ ദുബൈയിലുടനീളമുള്ള പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ കാൽനട മേൽപ്പാലങ്ങളുടെ രൂപകൽപന. ഇതുവഴി യാത്രയുടെ തുടക്കം മുതൽ അവസാനം വരെ സുസ്ഥിരമായ യാത്ര മാർഗങ്ങൾ സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിശദമായ ഫീൽഡ് പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാലങ്ങൾ നിർമിക്കുക. ഓരോ പ്രദേശത്തേയും ജനസാന്ദ്ര, ഭൂവിനിയോഗങ്ങളുടെ സംയോജനം, ടൂറിസം, സാമ്പത്തിക ആകർഷണങ്ങൾ, പൊതുഗതാഗത സ്റ്റേഷനുകൾ തുടങ്ങിയ വിഷയങ്ങൾ കൂടി പഠനത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.