ദുബൈ: ദുബൈ നഗരത്തിലെ രണ്ട് ജലപാതകളിൽ കൂടി ആർ.ടി.എ മറൈൻ സർവിസ് ആരംഭിക്കുന്നു. ജലഗതാഗതം വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ നടപ്പാക്കുന്ന 2020-2030 മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും താമസയിടങ്ങളെയും ബന്ധിപ്പിച്ചാണ് പുതിയ സർവിസുകൾ. ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ വാട്ടർ ഐലൻഡിനെയും ദുബൈ മറീനയെയും ഷട്ടിൽ സർവിസ് വഴി ബന്ധിപ്പിക്കുന്നതാണ് ഒരു ജലപാത. താമസ മേഖലയായ ദുബൈ ക്രീക്ക് മറീനയിൽ (ക്രീക്ക് ഹാർബർ) നിന്ന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്കാണ് മറ്റൊരു സർവിസ്.
ബ്ലൂ വാട്ടറിൽ നിന്നുള്ള ആദ്യ ലൈൻ തിങ്കൾ മുതൽ വെള്ളിവരെ വൈകീട്ട് 4.50 മുതൽ രാത്രി 11.25 വരെയും ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 4.10 മുതൽ രാത്രി 11.45 വരെയും പ്രവർത്തിക്കും. അഞ്ച് ദിർഹമാണ് ഫീസ്. ദുബൈ ക്രീക്കിൽ നിന്നുള്ള രണ്ടാം ലൈൻ ശനി, ഞായർ ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. വൈകീട്ട് നാല് മുതൽ രാത്രി 11.55 വരെയാണ് പ്രവർത്തനം. രണ്ട് ദിർഹം മാത്രമാണ് നിരക്ക്. ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ രാത്രിക്കാഴ്ചകൾ കണ്ട് കറങ്ങി നടക്കാൻ ഇതുവഴി അവസരം ലഭിക്കും. രണ്ട് ദിർഹമിന് ഉല്ലാസ ബോട്ട് യാത്രയും ലഭിക്കും. സൂഖ് അൽ മർഫയെയും ദുബൈ ഐലൻഡിനെയും ദുബൈ ക്രീക്കിനെയും ബന്ധിപ്പിക്കുന്ന സർവിസും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.