ദുബൈ: കഴിഞ്ഞ 18 വർഷത്തിനിടയിൽ ദുബൈയിലെ പൊതുഗതാഗത ബസുകൾ ഓടിയത് 20 ലക്ഷം കിലോമീറ്ററുകൾ!. ഇതോടെ ഈ രംഗത്ത് ലണ്ടൻ, സിംഗപ്പൂർ എന്നീ നഗരങ്ങളെ മറികടക്കാൻ ദുബൈക്ക് കഴിഞ്ഞതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
പൊതുഗതാഗത ബസുകളുടെ ദീർഘായുസിന്‍റെ കാര്യത്തിൽ പുതിയ നാഴികല്ലാണ് ആർ.ടി.എ പിന്നിട്ടത്. 18 വർഷത്തിനിടെ സിംഗപ്പൂരിലെ ബസുകൾ 14 ലക്ഷം കിലോമീറ്ററും ലണ്ടൻ ബസുകൾ 13 ലക്ഷം കിലോമീറ്ററും ഓടിയ സ്ഥാനത്താണ് ദുബൈയിലെ ബസുകൾ 20 ലക്ഷം കിലോമീറ്ററുകൾ തുടർച്ചയായി ഓടിയത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ഉയർന്ന മൈലേജും റോഡുകളിലെ സാന്നിധ്യവും ഉണ്ടായിട്ടും കഴിഞ്ഞ വർഷം മുഴുവൻ വാഹനങ്ങളുടെ ലഭ്യത നിരക്ക് 93 ശതമാനത്തിലധികം നിലനിർത്താനും ആർ.ടി.എക്ക് കഴിഞ്ഞു.
ആഗോള മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബസുകളുടെ സർവിസ് മുടക്കം ഏറ്റവും താഴ്ന്ന നിലയിലാണെന്നും ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. കർശനമായ പരിശോധനയുടെയും അറ്റകുറ്റപ്പണികളുടെയും ഫലമായാണ് വാഹനങ്ങളുടെ ദീർഘായുസ് നിലനിർത്താൻ സാധിക്കുന്നത്. പഴയ വാഹനങ്ങൾ ഡികമ്മിഷൻ ചെയ്യുന്നതിനേക്കാൾ സേവന കാലാവധി ദീർഘിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വാഹന നിർമാണവും തുടർച്ചയായ മാറ്റങ്ങളും മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറക്കാൻ ഇത് സഹായകമാണ്. അതോടെപ്പം എമിറേറ്റിലുടനീളമുള്ള യാത്രക്കാർക്ക് സ്ഥിരമായ സേവനങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ വാഹനങ്ങൾ ഇടക്കിടെ പുതുക്കുന്നത് മാറ്റി മൂലധനച്ചെലവ് ലാഭിക്കാനും ഈ സമീപനം പിന്തുണയേകുന്നു.
വിശ്വസനീയവും സുസ്ഥിരവുമായ പൊതു സേവനങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നതാനുള്ള ദുബൈയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ആഗോള, പ്രാദേശിക തലങ്ങളിൽ സ്മാർട്ട് ഗതാഗതത്തിനായുള്ള ശ്രമങ്ങളുടെ ഫലമാണിതെന്നും ആർ.ടി.എ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.