അബൂദബി: രാജ്യത്തിന്റെ അഖണ്ഡതയും അഭിമാനവും അടയാളപ്പെടുത്തിക്കൊണ്ട് യു.എ.ഇയിൽ ഇന്ന് പാതകദിനം ആചരിക്കും. തിങ്കളാഴ്ച രാവിലെ കൃത്യം 11ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വീടുകളും ദേശീയ പതാക ഉയര്‍ത്തും. കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം എല്ലാവരും പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തോടും നേതൃത്വത്തോടുമുള്ള വിശ്വാസത്തെയാണ് ഓരോ പതാകദിനവും അടയാളപ്പെടുത്തുന്നത്. കീറലുകളും മങ്ങലുമില്ലാത്ത പതാകയാണെന്ന് ഉറപ്പുവരുത്തണം. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ നാല് നിറങ്ങളുള്ള പതാക രൂപകൽപന ചെയ്തത് ഇമാറാത്തിയായ അബ്ദുല്ല മുഹമ്മദ് അല്‍ മൈനയാണ്.
ദേശീയ പതാകയെ അപമാനിക്കുന്നവർക്കും ദുരുപയോഗം ചെയ്യുന്നവര്‍ക്കും കടുത്ത ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. പതാകദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി 8.30ന് ഗ്ലോബല്‍ വില്ലേജില്‍ അതിഗംഭീര ഡ്രോണ്‍ പ്രദര്‍ശനം നടക്കും. ദേശീയ പതാകയുടെ നിറങ്ങള്‍ ആകാശത്ത് വർണപ്പൂരമൊരുക്കും. ബുര്‍ജ് അല്‍ അറബിനു സമീപമുള്ള ഉംസുഖീം ബീച്ചില്‍ തുടര്‍ച്ചയായ 13ാം വര്‍ഷവും ഫ്ലാഗ് ഗാര്ഡന് തയാറാക്കിയിട്ടുണ്ട്. യു.എ.ഇ രാഷ്ട്രപിതാക്കന്മാരായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്, ശൈഖ് റാശിദ് ബിന്‍ സഈദ് ആല് മക്തൂം എന്നിവരോടുള്ള ആദരസൂചകമായി ആയിരക്കണക്കിന് പതാകകള്‍ ഉപയോഗിച്ചാണ് ഛായാചിത്രങ്ങള്‍ തയാറാക്കിയത്. ജനുവരി 10 വരെ ഫ്ലാഗ് ഗാര്ഡന് സന്ദര്‍ശിക്കാം.
പതാക ദിനത്തിന് പൊതു അവധിയില്ലെങ്കിലും ഡിസംബറിലെ ഈദ് അല്‍ ഇത്തിഹാദിന് (ദേശീയദിനം) മുന്നോടിയായുള്ള ഒരു മാസത്തെ ആഘോഷങ്ങളുടെ തുടക്കമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.