തുംബായ് ഗ്രൂപ് ജി.എം.യു വിദ്യാർഥികൾക്ക് മൂന്ന് ശതമാനം സംവരണം പ്രഖ്യാപിക്കുന്നു
അജ്മാൻ: ഭാവിയിൽ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ (ജി.എം.യു) നിന്ന് പാസായ വിദ്യാർഥികൾക്കായി മൂന്ന് ശതമാനം സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് തുംബായ് ഗ്രൂപ്. ജി.എം.യു കരിയർ ഫെയറിന്റെയും ഇൻഡസ്ട്രി പാർട്ണേഴ്സ് മീറ്റിന്റെയും അവസരത്തിലാണ് പ്രഖ്യാപനം വന്നത്.
90ലധികം ആരോഗ്യ സ്ഥാപനങ്ങളും ഇൻഡസ്ട്രി പാർട്ണർമാരും പങ്കെടുക്കുന്ന കരിയർ ഫെയർ വിദ്യാർഥികൾക്കും പാസായവർക്കും ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റിവ്, റിസർച്, ടെക്നോളജി മേഖലകളിൽ തൊഴിൽ കണ്ടെത്താനുള്ള വേദിയായി. തുംബായ് ഗ്രൂപ്പിന്റെ ഫൗണ്ടർ പ്രസിഡന്റായ ഡോ. തുംബായ് മൊയ്തീന്റെ ദീർഘദർശിയായ നേതൃത്വത്തിലൂടെ തുംബായ് ഗ്രൂപ് വിദ്യാഭ്യാസത്തിലും ആരോഗ്യപരിചരണത്തിലും രാജ്യനിർമാണത്തിലും വലിയ പങ്ക് വഹിക്കുന്നുവെന്നും ജോലി സംവരണം ബിരുദധാരികളുടെ കഴിവിന് ശക്തമായ അംഗീകാരമാണെന്നും ജി.എം.യു ആക്ടിങ് ചാൻസലർ പ്രഫ. മണ്ട വേങ്കടരമണ പറഞ്ഞു.
മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, നഴ്സിങ്, ഹെൽത്ത് സയൻസ് തുടങ്ങിയ മേഖലകളിൽ ജി.എം.യു യു.എ.ഇയിലെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവന നൽകുന്നു.
2025ലെ കരിയർ ഫെയറിൽ എ.ഐ സംയോജിപ്പിച്ച കരിയർ കൗൺസലിങ് സംവിധാനങ്ങൾ, ഓൺ-സ്പോട്ട് ഇന്റർവ്യൂകൾ, പ്രമുഖ റിക്രൂട്ടർമാരുമായി സംവാദങ്ങൾ തുടങ്ങിയവയും നടന്നു. തുംബായ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, തുംബായ് ഡെന്റൽ ഹോസ്പിറ്റൽ, തുംബായ് ഫിസിക്കൽ തെറപ്പി ആൻഡ് റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ എന്നിവയടക്കം സ്വകാര്യ അക്കാദമിക് ആശുപത്രികളുടെ വലിയ ശൃംഖലയാണ് ഗ്രൂപ് നടത്തുന്നത്.
കൂടാതെ പുതിയ വെറ്ററിനറി കെയർ, മെന്റൽ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.