ഐ.സി.എഫ് അബൂദബി ഓഡിറ്റോറിയത്തിൽ നടത്തിയ തൃശൂർ ജില്ല മഹല്ല് പ്രതിനിധി സംഗമം അഡ്വ. യു.കെ. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: തൃശൂർ ജില്ലയിലെ മഹല്ല് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസി പ്രതിനിധികളുടെ സംഗമം അബൂദബിയിൽ സംഘടിപ്പിച്ചു. ഐ.സി.എഫ് അബൂദബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്തു.‘മഹല്ല് ശാക്തീകരണം പ്രവാസികളുടെ ബാധ്യത’ എന്ന വിഷയത്തിൽ നടന്ന സംഗമത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അഡ്വ. യു.കെ. ജാഫർ ഖാൻ മതിലകം ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.
മഹല്ലുകളുടെയും സമൂഹത്തിന്റെയും പുരോഗതിയിൽ പ്രവാസികൾ നൽകുന്ന പങ്ക് നിർണായകമാണ്. മഹല്ല് ഭരണകാര്യങ്ങളിൽ പ്രവാസി കമ്മിറ്റികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും, സാമ്പത്തിക സഹായം നൽകുന്ന ദാതാക്കളായി മാത്രം പ്രവാസികൾ ഒതുങ്ങിനിൽക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഇ.പി. മൂസ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ നേരിടുന്ന വിവിധ ആശങ്കകൾക്ക് മഹല്ല് കമ്മിറ്റികൾ അടിയന്തരമായി ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ ശൗകത്ത് പി.സി. അധ്യക്ഷത വഹിച്ചു. മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര മുഖ്യപ്രഭാഷണം നടത്തി. കൺവീനർ യു.കെ.എം. ബഷീർ പത്തായക്കാട് സ്വാഗതവും എസ്.എം. കടവല്ലൂർ നന്ദിയും പറഞ്ഞു. വിവിധ മഹല്ല് ഭാരവാഹികൾ ആശംസകൾ നേർന്നു. പങ്കെടുത്ത പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബ്ദുറസാഖ് കൊച്ചന്നൂർ, ഷംസുദ്ദീൻ ഹാജി അന്തിക്കാട്, ഷെറിൻ ഞമനങ്ങാട്, മുഹമമുണ്ണിഹാജി, ലത്തീഫ് ഹാജി തിരുവത്ര, ഹിജാസ്, ഹബീബ് പടിയത്ത്, ഇസ്ഹാഖ്, ഹഫീസ് മുന്നുപീടിക, സിറാജ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.