ദുബൈ: ലോക ടൂറിസം ദിനത്തിൽ നിരീക്ഷണ വാഹന ശ്രേണിയിലേക്ക് കൂടുതൽ ആഡംബര കാറുകൾ സ്വന്തമാക്കി ദുബൈ പൊലീസ്. മെഴ്സിഡസ് ബെൻസിന്റെ എസ്.എൽ 55 എ.എം.ജി, ജി.ടി 63 എ.എം.ജി, ഇ.ക്യു.എസ് 580 എന്നീ പുതിയ മോഡൽ കാറുകളാണ് ടൂറിസം പൊലീസ് ഡിപ്പാർട്മെന്റ് സ്വന്തമാക്കിയത്. ഏറ്റവും ആധുനികമായ മെക്കാനിക്കൽ, സാങ്കേതിക വിദ്യകൾ, എ.ഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഇന്ററാക്ടിവ് ഡിസ്പ്ലേ തുടങ്ങിയ സുസ്ഥിരമായ നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയ മെഴ്സിഡസ്സ് കാറുകൾ സേനയുടെ നിരീക്ഷണ ദൗത്യങ്ങൾക്ക് കൂടുതൽ കരുത്തുപകരും. ബുർജ് ഖലീഫ, മുഹമ്മദ് ബിൻ റാശിദ് ബൊലിവാർഡ്, ജെ.ബി.ആർ, മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിൽ പട്രോളിങ് ദൗത്യങ്ങൾക്ക് മെഴ്സിഡസുമായുള്ള പങ്കാളിത്തം ദുബൈ പൊലീസിന് കരുത്തുപകരുമെന്ന് ബ്രിഗേഡിയർ സഈദ് അൽ ഹജ്രി പറഞ്ഞു.
ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27ന് നടന്ന വാഹന കൈമാറ്റ ചടങ്ങ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് അൽ ഹജ്രി ഉദ്ഘാടനം ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഫോർ അഡ്മിനിസ്ട്രേഷൻ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉമർ അൽ മുതവ, ടൂറിസം പൊലീസ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുറഹമാൻ, മെഴ്സിഡസ് ബെൻസ് കാർസ് ജനറൽ മാനേജർ തോമസ് ഷൾസ്, ഡെപ്യൂട്ടി ജനറൽ മാനേജർ അൽ ഗർഗാഷ്, യൂസ്ഡ് കാർസ് ജനറൽ മാനേജർ ഫാദി ബല്ലൗട്ട്, സീനിയർ മാനേജർ ഓഫ് വി.ഐ.പി സെയിൽസ് ആൻഡ് കസ്റ്റമർ റിലേഷൻസ് ഖാലിദ് അൽ മസ്റൂയി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.