ദുബൈ: എമിറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്യോപ്യൻ പൗരൻമാരാണ് പിടിയിലായത്.
അൽ റാസ് മേഖലയിലെ നാല് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. സേഫ് ലോക്കറുകൾ തകർത്ത സംഘം 30,000 ദിർഹം കവർന്നു. രാവിലെ ഷോപ്പുടമകൾ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇവർ നൽകിയ പരാതിയിൽ ദുബൈ പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു.
സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും ഒരു ടൊയോട്ട കൊറോള കാർ പരിസരത്തുനിന്നും സംശയകരമായ രീതിയിൽ പോകുന്നതായി ശ്രദ്ധയിൽപെട്ടു. വാഹനത്തിന്റെ നമ്പർ പരിശോധിച്ച പൊലീസ് ഡ്രൈവറെ പിടികൂടി. ഇയാളിൽനിന്ന് മറ്റ് നാല് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്ന് നാലുപേരെയും അബൂദബിയിൽ വെച്ച് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. 18,000 ദിർഹം പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക സ്വന്തം നാട്ടിലേക്ക് അയച്ചതായും പ്രതികൾ മൊഴി നൽകി. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.