ലോക റെക്കോഡ് ഭേദിച്ച ഗ്രീറ്റിങ് കാർഡിനരികെ രാംകുമാർ സാരംഗപാണിയും ആർട്ടിസ്റ്റ് അക്ബർ സാഹിബും
ദുബൈ: ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കുന്നത് ഹോബിയാക്കിയ ഇന്ത്യൻ പ്രവാസി രാംകുമാർ സാരംഗപാനി ലോകത്തിലെ ഏറ്റവും വലിയ പോപ് അപ് ഗ്രീറ്റിങ്സ് കാർഡ് തീർത്ത് വീണ്ടും ലോക റെക്കോഡ് നേടി. യു.എ.ഇയുടെ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സ്ഥാനാരോഹണം 15ാം വാർഷികത്തിലെത്തിയ അവസരത്തിൽ ഭരണാധികാരിക്കുള്ള ആദരവായാണ് ഇത്തവണ രാംകുമാർ സാരംഗപാണി ലോകത്തിലെതന്നെ ഏറ്റവും വലിയ ഗ്രീറ്റിങ് കാർഡ് തീർത്തിരിക്കുന്നത്. ഇതോടെ റെക്കോഡ് ബുക്കിൽ 19ാം തവണയും ഇദ്ദേഹം ഇടംനേടി. 8.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കാർഡ് നിർമിച്ചതിലൂടെ ഹോങ്കോങ് സ്ഥാപിച്ച 6.729 ചതുരശ്ര മീറ്റർ എന്ന റെക്കോഡാണ് ഇദ്ദേഹം മറികടന്നത്. സാധാരണ പോപ് അപ് ഗ്രീറ്റിങ് കാർഡിനെക്കാൾ 100 മടങ്ങ് വലുപ്പമുള്ള കാർഡിൽ കഴിഞ്ഞ 25 വർഷമായി പ്രശസ്ത ആർട്ടിസ്റ്റ് അക്ബർ സാഹിബ് വരച്ച ശൈഖ് മുഹമ്മദിെൻറ പെയിൻറിങ്ങുകളുടെ ഒരു കൊളാഷാണ് ഇടംപിടിച്ചിട്ടുള്ളത്. നാല് മീറ്റർ നീളത്തിലും 2.05 മീറ്റർ വീതിയിലും, 2013ൽ വരച്ച എക്സ്പോ 2020 പെയിൻറിങ്ങാണ് കാർഡിെൻറ പുറംചട്ട. കാർഡിെൻറ ഉള്ളിലും പോപ് അപ്പിലും 1996 മുതൽ ശൈഖ് മുഹമ്മദിെൻറ വിവിധ പെയിൻറിങ്ങുകളുടെ ഒരു കൊളാഷാണ്.
"കഴിഞ്ഞ ആറുമാസമായി ഞാൻ ഇതിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു'' രാംകുമാർ സാരംഗപാണി പറഞ്ഞു. ഏറ്റവും വലിയ പോപ് അപ് ഗ്രീറ്റിങ്സ് കാർഡും ദേശീയദിനത്തിൽ ഇദ്ദേഹംതന്നെ തയാറാക്കിയ ഏറ്റവും വലിയ ഇലക്ട്രോണിക് ഗ്രീറ്റിങ് കാർഡിനൊപ്പം ദുബൈ അൽ മക്തൂം റോഡിലെ ദോഹ സെൻററിലെ ദുബൈ ന്യൂമിസ്ബിങ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും. തിങ്കാളാഴ്ച തുടങ്ങുന്ന പ്രദർശനം ജനുവരി 18 വരെ തുടരും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാവിലെ ആറു വരെ ഗ്രീറ്റിങ് കാർഡ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.