അബൂദബി: അടുത്ത വർഷത്തോടെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണം 7,842 ആയി ഉയരും. ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ച പാർലമെന്ററി റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സർക്കാർ പുനഃസംഘടന ത്വരിതപ്പെടുന്നതിനനുസരിച്ച് നിർണായകമായ പങ്ക് വഹിക്കാൻ പുതിയ ഫെഡറൽ സംരംഭങ്ങളുടെ ആവശ്യകതയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2026ലെ ഫെഡറൽ ബജറ്റ് വിശകലനത്തിന്റെ ഭാഗമായി കൗൺസിലിന്റെ ധന, സാമ്പത്തിക, വ്യവസായ കാര്യ കമ്മിറ്റിയാണ് പുതിയ റിപ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞ ബജറ്റിൽ ഏഴ് പുതിയ ഫെഡറൽ സ്ഥാപനങ്ങൾ കൂടി ചേർക്കുന്നത് ഉൾപ്പെടെ സമീപകാല സർക്കാർ പുനഃസംഘടനയുടെ ഫലങ്ങളും റിപ്പോർട്ടിൽ എടുത്തു കാണിക്കുന്നുണ്ട്.
ഈ മേഖലയിൽ സർക്കാർ 1.315 ശതകോടി ദിർഹമാണ് വകയിരുത്തിയിട്ടുള്ളത്. ഗവൺമെന്റ് അഫയേഴ്സ്, സാമൂഹിക വികസനം, സാമ്പത്തിക അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉൾപ്പെടെ പ്രധാന മേഖലകളിലാണ് പുതിയ തസ്തികകൾ കൂട്ടിച്ചേർക്കുക. യു.എ.ഇ റിസർച്ച് ആൻഡ് ഡവലപ്മെന്റ് കൗൺസിൽ, എക്സിക്യൂട്ടിവ് ഓഫിസ് ഫോർ കൺട്രോൾ ആൻഡ് നോൺ-പ്രൊലിഫറേഷൻ, യു.എ.ഇ നാഷനൽ ആൻഡ് മണി ലോൻഡറിങ് ആൻഡ് കോംപാറ്റിങ് ഫിനാൻസിങ് ടെററിസം ആൻഡ് ഫിനാൻസിങ് ഓഫ് ഇല്ലിഗൽ ഓർഗനൈസേഷൻ കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം, കുടുംബ മന്ത്രാലയം, ദേശീയ ഒളിമ്പിക് കമ്മിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളിലായിരിക്കും പുതിയ തസ്തികകൾ സൃഷ്ടിക്കുകയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.