ഡോ. ബിനോയ്​ നെല്ലിശ്ശേരി -ആസ്റ്റർ ഹോസ്​പിറ്റൽസ്

ചൂട്​ കാലം എത്തി; സൂക്ഷിക്കണം

യു.എ.ഇയില്‍ വേനലിന് ശക്തിയേറുകയാണ്. ചൂട് 45 ഡിഗ്രിയും കടന്നു മുന്നേറുന്നു. ചൂട്​ പല ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കും. അതിനാല്‍ തന്നെ വേനല്‍ക്കാലത്തെ ആരോഗ്യപരിചരണം അത്യന്താപേക്ഷിതമാണ്. വേനല്‍ക്കാല രോഗങ്ങള്‍ അധികവും ബാധിക്കുന്നത് കുട്ടികളെയാണ്. അതിനാല്‍തന്നെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വേനല്‍ ആധിയുടെ കാലം കൂടിയാണ്.

വേനല്‍ സൃഷ്ടിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും ലളിതവും ശ്കതവുമായ പ്രതിരോധം നന്നായി വെള്ളം കുടിക്കുക എന്നതാണ്. സാധാരണ ഈ കാലയളവില്‍ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങള്‍, നീര്‍ജ്ജലീകരണം (ഡീഹൈഡ്രേഷന്‍) തുടങ്ങിയവ ഒരു പരിധിവരെ നന്നായി വെള്ളം കുടിക്കുന്നതുക്കൊണ്ട് മാത്രം തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. കുട്ടികള്‍ നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ഇതു മുതിര്‍ന്നവര്‍ക്കും ബാധകമാണ്. വേനലില്‍ ശരാശരി രണ്ടു ലിറ്റര്‍ മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം.

ചൂടു കൂടുന്നതോടെ വിയര്‍പ്പ് കൂടും. അമിത വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്‍റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. എന്നാല്‍, ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം. ഒരേസമയം അധികം വെള്ളം കുടിക്കാതെ അൽപാൽപം ഇടവിട്ട് കുടിക്കുന്നതാണ് നല്ലത്. എന്നാല്‍, ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവര്‍ അവരുടെ ആവശ്യാനുസരണം വെള്ളം കുടിക്കണം.

ധാരാളം വിയര്‍ക്കുകയും വെള്ളം കുടിക്കുന്നത് കുറയുകയും ചെയ്യുന്ന കുട്ടികള്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാനും മൂത്രാശയക്കല്ല് വരാനുമുള്ള സാധ്യത കൂടും. ചൂടുകാലത്ത് ഭക്ഷ്യവസ്തുക്കള്‍ പെട്ടെന്ന് കേടുവരും. ഇതൊക്കെയാണ് നമ്മള്‍ മുകളില്‍ പറഞ്ഞ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ചൂടും വിയര്‍പ്പും കുട്ടികളില്‍ ത്വക്ക് രോഗങ്ങളും വര്‍ധിപ്പിക്കും. വിയര്‍പ്പ് കെട്ടിക്കിടക്കുക വഴി ചൂടുകുരു, പരു എന്നിവ ഉണ്ടാകാം. ഈ അവസരത്തില്‍ പുറത്തെ കളികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കാം. അല്ലാത്തപക്ഷം ചൂടുകുറഞ്ഞ സമയങ്ങളിലേക്ക് കളികള്‍ ക്രമീകരിക്കണം.

മാതാപിതാക്കള്‍ ശ്രദ്ധിക്കാൻ

● കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ ശുദ്ധജലം ധാരാളം കുടിക്കാന്‍ നല്‍കുക

● ഗുണനിലവാരമുള്ള പഴങ്ങളും, പച്ചക്കറികളും നൽകുക

● കുട്ടികളെ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും കുളിപ്പിക്കുക. തല നന്നായി തോര്‍ത്തണം

● വീട്ടില്‍ പാചകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം നല്‍കുക

● ഭക്ഷണ പദാർഥങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക

● കൈ കഴുകിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

● ഇറുകിയ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുക

● എണ്ണയില്‍ വറുത്തതും മസാലക്കൂട്ടുകളുമുള്ള ഭക്ഷണത്തിന് പകരം ശരീരത്തിന് തണുപ്പേകുന്ന ക്യാരറ്റ്, തണ്ണിമത്തന്‍, കക്കരി എന്നിവ നല്‍കുക.

Tags:    
News Summary - The hot season has arrived; Be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.