ഷാർജ: വായനയുടെ പുതുവസന്തവുമായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 44ാമത് എഡിഷന് ബുധനാഴ്ച ഷാർജ എക്സ്പോ സെന്ററിൽ തിരി തെളിയും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്യും. ഈ മാസം 16 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിലെ സാഹിത്യപ്രതിഭകളായ നിരവധിപേർ അതിഥികളായെത്തും.
മലയാളത്തിൽനിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ് കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചിന്ത മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഗ്രീസാണ് അതിഥി രാജ്യം. 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. 66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടിൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും. വിൽസ്മിത്ത് ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും മേളയിൽ എത്തുമെന്നാണ് വിവരം.
കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്. പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നേവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ അന്താരാഷ്ട്ര തലത്തിൽനിന്ന് മേളയുടെ ഭാഗമാകുന്നുണ്ട്. പുതിയ നിരവധി പരിപാടികളും ഇത്തവണത്തെ മേളയുടെ ഭാഗമായി അരങ്ങേറും. പോയട്രി ഫാർമസി, പോപ് അപ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടും. എട്ട് ഭാഷകളിലായി സായാഹ്ന കവിത സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്.
റൈറ്റേഴ്സ് ഫോറത്തിൽ ഇത്തവണയും മലയാളികളുടേത് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പല സമയങ്ങളിലായി പ്രകാശനം ചെയ്യപ്പെടും. പുതിയ പുസ്തകങ്ങളുമായി ‘മാധ്യമം ബുക്സും’ ഇത്തവണ മേളയുടെ ഭാഗമാണ്. കുക്കറി കോർണറിൽ ലോകമെമ്പാടുമുള്ള 14 ഷെഫുമാർ നേതൃത്വം നൽകുന്ന 35 തത്സമയ കുക്കറി ഷോ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും.
ദുബൈ, അജ്മാൻ എന്നീ എമിറേറ്റുകളിൽനിന്നുള്ള സന്ദർശകർക്ക് എക്സ്പോ സെന്ററിൽ എത്താൻ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രത്യേക സർവിസുകളും സൗജന്യ ബോട്ട് സർവിസുകളും പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 മണിവരെയും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മുതൽ 11 മണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 11 മണിവരെയുമാണ് സന്ദർശക സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.