ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന വി.ഡി. സതീശൻ
ദുബൈ: അഴിമതികൾ മൂടിവെക്കാൻ സർക്കാറും സി.പി.എമ്മും മനപ്പൂർവം പൈങ്കിളി കഥകളിൽ ചർച്ച ഒതുക്കിനിർത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഹവാല, റിവേഴ്സ് ഹവാല, രാജേഷ് കൃഷ്ണ, അവതാരങ്ങൾ, പാർട്ടി സെക്രട്ടറിയുമായുള്ള ബന്ധങ്ങൾ, 108 ആംബുലൻസുമായി ബന്ധപ്പെട്ട 250 കോടിയുടെ അഴിമതി ആരോപണം തുടങ്ങിയവ പുറത്തുവന്നെങ്കിലും ഒന്നും ചർച്ച ചെയ്യാൻ സർക്കാർ തയാറല്ല. ഇത്തരം ചർച്ചകൾ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനാണ് സർക്കാറിന്റെ ശ്രമമെന്നും ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷനേതാവ് പറഞ്ഞു. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. ഓണക്കാലത്ത് വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഇത് ചർച്ചയാവാതിരിക്കാനാണ് പൈങ്കിളി കഥകളിൽ ചുറ്റിത്തിരിയുന്നത്. ഇത് അധികനാൾ നിലനിൽക്കില്ല. വീണ്ടും ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയിൽ സർക്കാറിനെ വിചാരണ ചെയ്യും. ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരാനുണ്ട്. ബി.ജെ.പിക്ക് എതിരായ വാര്‍ത്തകള്‍ വന്നതുപോലെയായിരിക്കും അത് സംഭവിക്കുക. സി.പി.എമ്മും കരുതിയിരിക്കണം. ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി പറഞ്ഞിട്ടില്ല. വികസനസദസ്സ് സര്‍ക്കാര്‍ ചെലവിലെ പ്രചാരണ ധൂര്‍ത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.