‘യോയ്’ റസ്റ്റാറന്റിൽ എത്തിയ യുക്രെയ്നികൾ
ദുബൈ: ലോകത്തിലെ മുഴുവൻ രുചിഭേദങ്ങളും സംഗമിക്കുന്ന ദുബൈ നഗരത്തിൽ ഒരു പുതിയ റസ്റ്റാറന്റ് കൂടി പിറവിയെടുത്തിരിക്കയാണ്. ദിനംപ്രതി നിരവധി ഹോട്ടലുകൾ തുറക്കുന്ന നഗരത്തിന് ഇതൊരു വാർത്തയല്ല.
എന്നാൽ, ആദ്യമായാണൊരു യുക്രെയ്നിയൻ റസ്റ്റാറന്റ് എന്നത് എല്ലാവരെയും ആകർഷിക്കും. എന്നാൽ അതിനപ്പുറം ഒരു പ്രത്യേകത കൂടിയുണ്ട് പാംജുമൈറയിലെ ഈ റസ്റ്റാറന്റിന്. ഇവിടെ ജോലി ചെയ്യുന്നവരിൽ 80 ശതമാനവും യുദ്ധം കാരണം നാടും വീടും വിട്ടവരാണെന്നതാണത്. ‘യോയ്’ എന്നു പേരിട്ട റസ്റ്റാറന്റിന്റെ ഷെഫുമാരും പ്രധാന ഉടമകളും ദുബൈയിൽ വർഷങ്ങളായി കഴിയുന്നവരാണ്.
നാട്ടിലേക്ക് മടങ്ങാൻ യുദ്ധം മാറി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കാത്തിരിക്കുന്നവരാണ് ഇവരിൽ പലരും. അതുവരെ ഏത് ജോലിക്കും സന്നദ്ധരായവരാണ് ആദ്യ റസ്റ്റാറന്റിൽ എത്തിപ്പെട്ടത്. പശ്ചിമേഷ്യയിലെ തന്നെ ആദ്യ യുക്രെയ്ൻ റസ്റ്റാറന്റാണിതെന്നും തങ്ങളുടെ പാചകരീതിയെയും സംസ്കാരത്തെയും കുറിച്ച് പരിചയപ്പെടുത്താൻ സ്ഥാപനത്തിലൂടെ സാധിക്കുമെന്ന് കരുതുന്നതായും ജീവനക്കാരിയായ വാസിലിസ ഫ്രോലോവ പറയുന്നു.
മുൻ ടെലിവിഷൻ അവതാരകയായ ഇവർ യുദ്ധത്തെ തുടർന്ന് ഒരു വർഷം മുമ്പ് യുക്രെയ്നിൽനിന്ന് ദുബൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയതാണ്. പരമ്പരാഗത ബീറ്റ്റൂട്ട് സൂപ്പായ ബോർഷ്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ഇവർ പറഞ്ഞു.
നിലവിൽ യു.എ.ഇയിൽ ഏകദേശം 25,000 യുക്രെയ്നികളുണ്ട്. അവരിൽ പലരും 2022 ഫെബ്രുവരിക്ക് ശേഷം എത്തിച്ചേർന്നവരാണ്. റസ്റ്റാറന്റിൽ തനതായ സാംസ്കാരിക പ്രകടനങ്ങളും തത്സമയ വിനോദങ്ങളും ആസ്വദിക്കാൻ ഇവർ ഒന്നിച്ചെത്തുന്നത് പതിവാണ്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടിയിൽ 150ലധികം ആളുകളാണ് ഇത്തരത്തിൽ എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.