ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ‘സിംഗിൾ എൻട്രി പോയന്റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ഉദ്ഘാടന വേളയിൽനിന്ന്
ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ ഏകീകരിക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) ‘സിംഗിൾ എൻട്രി പോയന്റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പങ്കെടുത്തു. ആദ്യഘട്ട പ്രവർത്തനരീതികൾ അദ്ദേഹം വിലയിരുത്തി.
തുടർന്ന് പൈലറ്റ് പദ്ധതിയുടെ പ്രായോഗിക നടപ്പാക്കൽ നിരീക്ഷിക്കുന്നതിനായി അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തു. കഴിഞ്ഞ നവംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി അംഗ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ 42ാമത് യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അൽ ബുദൈവീ അറിയിച്ചു. പദ്ധതി പ്രകാരം, യാത്രക്കാരായ ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും പുറപ്പെടുന്ന വിമാനത്താവളത്തിൽതന്നെ പ്രവേശന നടപടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എമിഗ്രേഷൻ, സെക്യൂരിറ്റി ഉൾപ്പെടെയുള്ള എല്ലാ പ്രധാന നടപടികളും നേരത്തേ പൂർത്തിയാക്കാൻ സാധിക്കും.
ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം വീണ്ടും പാസ്പോർട്ട് പരിശോധനക്കോ മറ്റു ചെക്കിങ്ങിനോ കാത്തുനിൽക്കേണ്ടിവരില്ല. കൂടാതെ ബയോമെട്രിക് വെരിഫിക്കേഷൻ, ഡിജിറ്റൽ ഡാറ്റാ ഷെയറിങ് എന്നിവയിലൂടെ സുരക്ഷയും കൃത്യതയും ഇത് ഉറപ്പാക്കുന്നുണ്ട്.
നിലവിൽ ഗൾഫ് എയർ, ഇത്തിഹാദ് എയർവേസ് എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ബഹ്റൈൻ, യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ളത്. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിനും അബൂദബിയിലെ സായിദ് ഇന്റർനാഷനൽ എയർപോർട്ടിനും ഇടയിലാണ് ഈ സേവനം ഇപ്പോൾ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.