ദുബൈ: അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ മലിനജല, മഴവെള്ള ഓവുചാൽ വികസന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. ഏകദേശം 25 കോടി ദിർഹം ചെലവഴിച്ചാണ് ദുബൈ മുനിസിപാലിറ്റി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയിരിക്കുന്നത്.
മൊത്തം പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത് 50 കോടി ദിർഹമാണ്. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1, 2, 3, 4 എന്നിവയും ശെശഖ് സായിദ് റോഡ് മുതൽ അൽ ഖൈൽ റോഡ് വരെ വ്യാപിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി 1600 ഹെക്ടർ വിസ്തൃതിയിലുള്ള 1507 ലധികം പ്ലോട്ടുകൾക്ക് മൊത്തം പദ്ധതി വഴി ഉപകാരം ലഭിക്കും.
ആദ്യഘട്ടത്തിൽ 155 ഹെക്ടർ പ്രദേശത്തായി 123 പ്ലോട്ടുകൾ ഉൾപ്പെടുത്തി 15 കി.മീറ്റർ നീളമുള്ള മലിനജല ശൃംഖലയാണ് (160 മില്ലിമീറ്റർ മുതൽ 1,600 മില്ലിമീറ്റർ വരെ വ്യാസമുള്ള പൈപ്പുകൾ) സ്ഥാപിച്ചത്.
കൂടാതെ 14 കി.മീറ്റർ നീളമുള്ള മഴവെള്ള ഡ്രെയിനേജ് സംവിധാനവും (200 മുതൽ 3,000 മില്ലിമീറ്റർ വരെ വ്യാസമുള്ള പൈപ്പുകൾ) നിർമ്മിച്ചിട്ടുണ്ട്. പദ്ധതി ദുബായിലെ സമഗ്ര മലിനജല വികസന പദ്ധതികളുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. കൂടാതെ മേഖലയിലെ ഏറ്റവും വലിയ മഴവെള്ള ശേഖരണ പദ്ധതിയായ 3000 കോടി ദിർഹം മൂല്യമുള്ള ‘തസ്‌രീഫ്’ പദ്ധതിയുമായി ഇത് ബന്ധിപ്പിച്ചിട്ടുമുണ്ട്. അടുത്ത 100 വർഷത്തേക്ക് നഗരത്തിലെ മഴവെള്ളത്തിന്‍റെ ഒഴുക്ക് ശേഷി 700 ശതമാനം വരെ വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ മലിനജല, മഴവെള്ള ഓവുചാൽ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത്ത പറഞ്ഞു.
പദ്ധതി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ കുറക്കുകയും മഴക്കാലത്ത് സേവനങ്ങളും വ്യാപാര പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരാൻ സഹായിക്കുകയും ചെയ്യും. ദുബൈയുടെ വേഗത്തിലുള്ള നഗരവളർച്ചക്കും ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികൾക്കും മുൻകരുതലെന്ന നിലയിൽ ഈ പദ്ധതി നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.