ദുബൈ: ഹൈസ്കൂൾ വിദ്യാർഥികളെ ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് ചുവടുവെക്കാൻ പ്രാപ്തമാക്കുന്നതിനായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ രൂപകൽപന ചെയ്ത രണ്ടാഴ്ചത്തെ ഇന്റേൺഷിപ് പ്രോഗ്രാം ‘ആസ്റ്റർ ഡിസ്കവർ’ സംരംഭത്തിന്റെ അഞ്ചാം പതിപ്പ് സമാപിച്ചു. പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന്റെ ക്ലിനിക്കൽ, കോർപറേറ്റ് പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ് അഭിരുചികളും സാധ്യതകളുമുള്ള കരിയർ കണ്ടെത്താൻ യുവതലമുറയെ സഹായിക്കുകയെന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. രണ്ട് വിദ്യാർഥികളുമായി 2022ൽ ആരംഭിച്ച ഇന്റേൺഷിപ് പ്രോഗ്രാമിന് വിജയകരമായ അഞ്ച് സീസണുകളിലായി 50 ഓളം യുവത്വങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു.ഏറ്റവും പുതിയ പതിപ്പിൽ എച്ച്.ആർ, ലീഗൽ, മാർക്കറ്റിങ്, ഡിജിറ്റൽ ഹെൽത്ത്, ഹോസ്പിറ്റൽ ഓപറേഷൻസ് തുടങ്ങിയ വകുപ്പുകളിലുടനീളം 20 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
‘ആസ്റ്റർ ഡിസ്കവർ’ ഒരു ഇന്റേൺഷിപ് പ്രോഗ്രാം എന്നതിനപ്പുറം വിദ്യാർഥികൾക്കുള്ള ഒരു ലോഞ്ച്പാഡാണെന്നും യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും മികച്ച അക്കാദമിക്, കരിയർ തീരുമാനങ്ങൾ എടുക്കുന്നതിനും പ്രാപ്തമാക്കുന്ന പദ്ധതിയാണെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഗ്രൂപ് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസർ ജേക്കബ് പറഞ്ഞു. നിലവിൽ, ആസ്റ്റർ ജീവനക്കാരുടെ കുട്ടികൾക്ക് മാത്രമായാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചുവരുന്നത്. എങ്കിലും, ഭാവിയിൽ, പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് യു.എ.ഇയിലുടനീളമുള്ള മറ്റ് വിദ്യാർഥികളിലേക്കും പ്രോഗ്രാം വിപുലീകരിക്കാനാണ് പദ്ധതി.പ്രോഗ്രാമിന്റെ മൂല്യം വർധിപ്പിക്കുന്നതിനായി അക്കാദമിക് ക്രെഡിറ്റ് അംഗീകാരം ഏർപ്പെടുത്താനും കമ്പനി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.