1. മത്സരപ്പറക്കൽ നടത്തുന്ന ഫാൽക്കൺ, 2. ഫാൽക്കണുകളെ മത്സരത്തിന് തയാറാക്കുന്നു
ദമ്മാം: കോടി റിയാൽ സമ്മാനത്തുക കൊത്തിയെടുക്കാൻ വേട്ടപക്ഷികളുടെ മത്സരം പൊടിപാറുന്നു. സൗദി ഫാൽക്കൺസ് ക്ലബ്, കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫാൽക്കൻ ക്ലബ് ടൂർണമെന്റ് അൽ ഖോബാർ ഹാഫ്മൂൺ കടൽത്തീരത്ത് പ്രത്യേകം സജ്ജമാക്കിയ പവിലിയനിൽ മുന്നേറുകയാണ്.
ഈ മാസം 23ന് ആരംഭിച്ച ടൂർണമെന്റ് 30ന് സമാപിക്കും. മത്സരത്തിൽ ഓണർ കാറ്റഗറി റൗണ്ടുകളാണ് ഇപ്പോൾ നടക്കുന്നത്. സൗദിയുടെ പൈതൃക വിനോദങ്ങളെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന അർഥത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആദ്യം 60 ലക്ഷം റിയാലിന്റെ സമ്മാനങ്ങൾ ലക്ഷ്യം വെച്ച് പ്രഖ്യാപിച്ച മത്സരത്തിൽ കൂടുതൽ പേർ പങ്കാളികളായതോടെ സമ്മനത്തുക ഒരു കോടി റിയാലായി ഉയർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആറ് ഓണർ കാറ്റഗറി റൗണ്ടുകളിൽ 308ഓളം ഫാൽക്കണുകളാണ് മത്സരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫാലക്കണുകളുമായി ആളുകൾ മത്സരത്തിനെത്തിയിട്ടുണ്ട്. ഓരോ ദിവസം കഴിയുംതോറും മത്സരം കൂടുതൽ ആവേശകരവും ജനകീയവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സംഘാടകർ അവകാശപ്പെട്ടു.
അമേച്വർമാർ, പ്രഫഷനലുകൾ, ഓണർമാർ, എലൈറ്റ് മത്സരാർഥികൾ എന്നങ്ങനെ തരംതിരിച്ച് നടക്കുന്ന 48 മത്സരങ്ങളിൽ ആദ്യ 10 സ്ഥാനം നേടുന്നവർക്കാണ് സമ്മാനം ലഭിക്കുക. മത്സരിക്കുന്ന ഫാർക്കണുകളുടെ കഴിവും പാരമ്പര്യവും അനുസരിച്ചാണ് ഇവയെ മത്സരത്തിന് തരംതിരിക്കുന്നത്. നവംബർ 30നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ടൂർണമെന്റിന്റെ ഭാഗമായി ദഹ്റാൻ എക്സ്പോയിൽ പൈതൃക വിനോദ കലകളെ പരിചയപ്പെടുത്തുന്ന ഷാലയേൽ മ്യൂസിയം, കുട്ടികൾക്ക് വേണ്ടി ഫ്യൂച്ചർ ഫാൽക്കണർ ഏരിയ, റിയാദിന് പുറത്ത് ആദ്യമായി നടന്ന ഫാൽക്കൺ വേട്ടയാടൽ ആയുധ പവിലിയൻ, പൈതൃക, കരകൗശല മേഖല, പരമ്പരാഗത പ്രകടന ഷോകൾ തുടങ്ങിയ വിവിധ സായാഹ്ന പരിപാടികൾ അരങ്ങേറുന്നുണ്ട്.
ഫാൽക്കണുകളെ മത്സരിപ്പിക്കാൻ തയാറാക്കുന്നത് പ്രത്യേക പരിശീലനത്തിലുടെ മാത്രമാണ് സാധ്യമാകുന്നതെന്ന് ഫാൽക്കൺറി സ്പെഷ്യലിസ്റ്റ് യൂസഫ് അൽ നാസർ പറഞ്ഞു. ചില ഫാൽക്കണുകൾ വായുപ്രവാഹങ്ങളെ തിരിച്ചറിഞ്ഞ് പറക്കുന്നതിൽ ശ്രദ്ധേയമായ സഹജാവബോധം പ്രകടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷിയുടെ ഭാരം ശക്തമായ എതിർ കാറ്റിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫാൽക്കണുകളെ പ്രാപ്തമാക്കുന്നു. അതേസമയം ഭാരം കുറഞ്ഞ പക്ഷികൾ, പ്രത്യേകിച്ച് ഗൈർ, ടെയിൽവിൻഡ് എന്നിവ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.