ഡോ. ഷമീമ മക്കൾക്കൊപ്പം അൽ വസ്​ൽ പ്ലാസക്ക്​ മുമ്പിൽ

അത്ഭുതംതന്നെ എക്​സ്​പോ അനുഭവം

എക്സ്പോയുടെ ഉദ്ഘാടനച്ചടങ്ങിൽ അൽ വസ്ൽ പ്ലാസയിൽനിന്ന് ഉയർന്നുകേട്ട 'ഹാദാ വഖ്​തുനാ' എന്ന പ്രഖ്യാപനം അർഥപൂർണമാണെന്ന് ബോധ്യപ്പെടുകയായിരുന്നു ആദ്യദിവസത്തെ സന്ദർശനത്തിൽ. മകൾ മിൻഹ നേര​േത്ത ദുബൈ ഇന്ത്യൻ സ്​കൂളിൽ പഠിക്കുന്ന സമയത്ത് എക്സ്പോയെക്കുറിച്ച വിവരണം കേട്ടിരുന്നു. എക്സ്പോ നഗരി കാൺകെ, അവൾ അത്ഭുതത്തോടെ പറഞ്ഞു, അന്ന് വെറും സ്വപ്​നമായിരുന്ന കാര്യം ഇപ്പോഴിതാ ശരിക്കും കൺമുന്നിൽ. ഇളയ മകൾ മിദ്ഹയും അമ്പരപ്പോടെ ആ സ്വപ്​ന സാക്ഷാത്കാരം നോക്കിക്കാണുകയായിരുന്നു.

കുറെക്കാലമായി കാത്തിരുന്ന എക്സ്പോ വേദിയിലേക്കുള്ള യാത്ര ശരിക്കും ത്രില്ലടിപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ വാഹനത്തിൽ നഗരിയിൽ എത്തി. തിരക്കായിവരുന്നേയുള്ളൂ. വാക്​സിനെടുക്കാത്ത രണ്ടു മക്കൾക്ക് റാപിഡ് പി.സി.ആർ ടെസ്​റ്റ്​ നിർബന്ധമാണെന്ന് അറിഞ്ഞത്​ അവിടെയെത്തിയശേഷമാണ്​. സൗജന്യ ടെസ്​റ്റിനുള്ള സംവിധാനം എക്സ്പോയിൽതന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ, റിസൽട്ട് വരാൻ നാലു മുതൽ ഏഴു മണിക്കൂർ വരെ കാത്തിരിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനെ മറികടക്കാൻ 300 ദിർഹം അടക്കണം. എങ്കിൽ അരമണിക്കൂറിനുള്ളിൽ റിസൽട്ട് ലഭിക്കും. ഏതായാലും ടെസ്​റ്റ്​ പൂർത്തീകരിച്ച് കാത്തിരിക്കാൻതന്നെ തീരുമാനിച്ചു. നാലര മണിക്കൂർ കാത്തിരിപ്പ്. റിസൽട്ട് വന്നതോടെ വീണ്ടും ആവേശം. വിശാലമായ പാർക്കിങ്​ ഏരിയയിൽ വാഹനം നിർത്തി ആർ.ടി.എ എക്സ്പോ റൈഡർ ബസിൽ നഗരിയിലേക്ക്. തെരുവുവിളക്കുകളും ബോർഡുകളും ലോകോത്തര നിർമിതികളും ആകർഷകം. നൂറുകണക്കിന് രാജ്യങ്ങളുടെ പതാകകൾ ഒന്നിച്ചു പറക്കുന്നത്​ കാൺകെ ലഭിക്കുന്ന അനുഭൂതിയും ഒന്നു വേറെത്തന്നെ. അൽ വസ്ൽ പ്ലാസയിലെ 360 ഡിഗ്രി താഴികക്കുടത്തിലെ സംഗീതപരിപാടികളുടെ ചാരുത ഒന്നു വേറെത്തന്നെ. കലയും സംസ്​കാരവും ബിസിനസും ഡിപ്ലോമസിയും ഒക്കെ ചേർന്ന തികച്ചും വേറിട്ട അനുഭവം.

പാരമ്പര്യവും സംസ്​കാരവും അതത് രാജ്യങ്ങളുടെ ബിസിനസ് സാധ്യതകളുമൊക്കെ ആകർഷകമായി അവതരിപ്പിക്കുകയാണ് പവിലിയനുകൾ. ഊർജം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ബഹുമുഖ അനുഭവലോകംതന്നെയാണ് വിവിധ പവിലിയനുകളിൽ ഒരുക്കിയിരിക്കുന്നത്. രാജ്യങ്ങളുടെ മാത്രമല്ല, സ്ഥാപനങ്ങളുടെ പവിലിയനുകളിലും കാണേണ്ടതാണ്​. ഡി.പി വേൾഡ് അതിലൊന്നാണ്. ഡിജിറ്റൽ സാങ്കേതികതയുടെ ഭാവിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഹൈപ്പർ ലൂപ് നമ്മുടെ വരുംകാലത്തിൽ ചെലുത്തുന്ന സ്വാധീനവും എത്രയെന്നറിയാം. ഗതാഗതരംഗത്തു മാത്രമല്ല, ചരക്കുകടത്തിലും വരാൻ പോകുന്നത് ഹൈപ്പർ ലൂപ് വിപ്ലവം തന്നെയാകും. ഇനോകിെൻറ പവിലിയൻ പങ്കുവെക്കുന്നത് ഊർജ മേഖലയിൽ മനുഷ്യബന്ധങ്ങളുടെ നാൾവഴികളാണ്. ഊർജവും സുസ്ഥിരതയും പ്രമേയമാക്കി ദൃശ്യ, ശബ്​ദ സന്നിവേശങ്ങളിലൂടെയുള്ള മികച്ച ചിത്രീകരണങ്ങളാണ് പല പവിലിയനുകളിലും കാണാനായത്. നോർവേ പവിലിയനിൽ ചെന്നാൽ കടൽ സംരക്ഷണത്തിെൻറ പുതുപാഠങ്ങൾ ഉൾക്കൊള്ളാം. ശരിക്കും കടലാഴവും വൈവിധ്യങ്ങളും തിരിച്ചറിയാനുള്ള അവസരം കൂടിയാണിത്. സൗദി അറേബ്യയുടെ പവിലിയൻ ശരിക്കും ഞെട്ടിച്ചു. പതിമൂവായിരം ചതുരശ്ര മീറ്റർ വിസ്​തൃതിയിലാണ് പവിലിയ​െൻറ കിടപ്പ്. മേളയിലെ ഏറ്റവും വലിയ രണ്ടാമത് പവിലിയനും ഇതുതന്നെ. പൗരാണിക ജീവിതത്തിെൻറ മുഴുവൻ തുടിപ്പുകളും ഇവിടെ കാണാം.

പ്രവാസലോകത്തെ ഏറ്റവും മികച്ച ദിനങ്ങളിലൊന്നായിരുന്നു ഇത്​. എക്സ്പോ നഗരിയിലെ സന്ദർശനത്തിന് പകരംവെക്കാൻ മറ്റൊന്നില്ല. പവിലിയനുകൾക്കിടയിലെ നടത്തവും ഇൗർപ്പം നിറഞ്ഞ കാലാവസ്ഥയും കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും തളർത്തി. പ​േക്ഷ, മുന്നിലെ മായക്കാഴ്​ചകളും ഉത്സവഹർഷവും അതൊക്കെ മറക്കാൻ പ്രേരിപ്പിച്ചു. മണിക്കൂറുകൾ പോയതറിഞ്ഞില്ല.

ഡോ. ഷമീമ അബ്​ദുൽ നാസർ


Tags:    
News Summary - The Expo experience was amazing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.