സി.എം ഇൻ ദുബൈ എന്ന പേരിൽ നടത്തുന്ന കേരളോത്സവം സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദുബൈ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 30ന് ദുബൈയിലെത്തും. അന്ന് രാവിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ വിരുന്നിൽ പങ്കെടുക്കും. ഡിസംബർ ഒന്നിന് ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ പൊതുപരിപാടിയിലും ബിസിനസ് മീറ്റിലും സംബന്ധിക്കും. രണ്ടിന് ദുബൈ ഭരണനേതൃത്വത്തിലുള്ളവരെ കണ്ടാകും മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക.
അതേസമയം, തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ദുബൈയിൽ നടത്തുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ചു. ലോകകേരള സഭ, മലയാളം മിഷൻ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചാണ് കെ.എം.സി.സി മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിക്ക് സ്വാഗതസംഘം രൂപീകരിക്കാൻ വരെ ഒപ്പം നിന്ന കെ.എം.സി.സി ഇപ്പോൾ ബഹിഷ്കരണം പ്രഖ്യാപിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയഭേദെമന്യേ മുഖ്യമന്ത്രിക്ക് നൽകുന്ന ജനകീയ സ്വീകരണമാണ് ഡിസംബർ ഒന്നിന് സി.എം ഇൻ ദുബൈ എന്ന പേരിൽ കേരളോത്സവത്തിൽ ഒരുക്കുന്നത്.
ലോകകേരളസഭയിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന കെ.എം.സി.സി നേതാക്കൾ ഇപ്പോൾ അതിനെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പ്രവാസി ക്ഷേമസമിതിയംഗം എൻ.കെ. കുഞ്ഞഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.