അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷനിൽ പങ്കെടുക്കാൻ അബൂദബിയിലെത്തിയ ഇന്ത്യൻ നാവികസേനയുടെ ‘ഐ.എൻ.എസ് പ്രളയ’
അബൂദബി: കോടിക്കണക്കിന് രൂപയുടെ ആയുധ ഇടപാടുകൾക്ക് വഴിയൊരുക്കുന്ന പ്രതിരോധ എക്സിബിഷന് ഞായറാഴ്ച അബൂദബി അഡ്നോക് ബിസിനസ് സെൻററിൽ തുടക്കം കുറിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഐഡെക്സ്, നവ്ഡെക്സ് അന്താരാഷ്ട്ര പ്രദർശനം തുടങ്ങുന്നത്.
പ്രതിരോധ മന്ത്രാലയത്തിെൻറയും സായുധ സേന ജനറൽ കമാൻഡിെൻറയും സഹകരണത്തോടെയാണ് പ്രദർശനവും സമ്മേളനവും. പ്രതിരോധ വ്യവസായ മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്യും. രാജ്യത്തെ പ്രതിരോധ വ്യവസായ മേഖലയുടെ വികസനത്തിന് വിവിധ പങ്കാളിത്ത സ്ഥാപനങ്ങളും പ്രമുഖ അന്താരാഷ്ട്ര കമ്പനികളും തമ്മിൽ കരാറുകളിൽ ഒപ്പുവെക്കും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 വിദഗ്ധരും സ്പെഷലിസ്റ്റുകളും ഒത്തു ചേരും. 80 രാജ്യങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം ആഗോള പ്രതിരോധ നേതാക്കളും വിദഗ്ധരും പങ്കെടുക്കും.35 ദേശീയ പവലിയനുകൾക്കു പുറമെ 59 രാജ്യങ്ങളിൽ നിന്നും 900ത്തിലേറെ എക്സിബിറ്റിങ് കമ്പനികളും പങ്കെടുക്കും. 70,000ത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്നു. ലോകത്തെ 64 രാജ്യങ്ങളിൽ നിന്നുള്ള 500ലധികം മാധ്യമ പ്രഫഷനലുകളും പങ്കെടുക്കും. 1,55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇൻഡോർ, ഔട്ട്ഡോർ ഏരിയകളിലായി എക്സിബിഷൻ നടക്കുന്നത്. 16 രാജ്യങ്ങളിൽ നിന്നുള്ള 70ലധികം എക്സിബിറ്റിങ് കമ്പനികളും 10 രാജ്യങ്ങളിൽ നിന്ന് 17ലധികം സമുദ്ര കപ്പലുകളും ബോട്ടുകളും പങ്കെടുക്കും.
അബൂദബി നഗരത്തിലെ പോർട്ട് സായിദിലെ പ്രത്യേക ഡിസ്പ്ലേ ഏരിയക്കു പുറമെ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിന് എതിർവശത്തുള്ള മറീന പ്രദേശത്തെ ടെൻറുകളിലും നാവിക പ്രതിരോധ മേഖലയിലെ ഒട്ടേറെ ഉപകരണങ്ങളും സാധന സാമഗ്രികളും പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷനിൽ പങ്കെടുക്കാൻ ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് പ്രളയ കപ്പലുമെത്തി. 56 മീറ്റർ നീളമുള്ള കപ്പലിൽ മീഡിയം റേഞ്ച് തോക്ക്, േക്ലാസ് റേഞ്ച് തോക്ക്, ഷാഫ് ലോഞ്ചർ, മിസൈൽ എന്നിവയുണ്ട്. ഗോവയിലാണ് ഇത് നിർമിച്ചത്. ഇന്ത്യ- യു.എ.ഇ സഹകരണം ശക്തമാക്കാൻ എക്സിബിഷൻ വഴിയൊരുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.