അജ്മാന്‍ ലിവ ഈത്തപ്പഴ മേള ഉദ്ഘാടനം ചെയ്ത അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു
അജ്മാന്‍: രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്മാന്‍ ലിവ ഈത്തപ്പഴമേളക്ക് തുടക്കമായി. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 3 വരെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേള അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ പവലിയനുകൾ സന്ദർശിച്ച അദ്ദേഹത്തിന് മികച്ച ഈത്തപ്പഴം, തേൻ, പഴങ്ങൾ എന്നിവയുൾപ്പെടെ പ്രദർശിപ്പിച്ചിരിക്കുന്ന പ്രാദേശിക, അറബ് ഉൽപന്നങ്ങളെക്കുറിച്ച് വിശദീകരിച്ചുനൽകി.
ആധുനിക കാർഷിക രീതികൾ, ഈത്തപ്പന പരിപാലനം, തേനീച്ച വളർത്തൽ എന്നിവയെക്കുറിച്ചുള്ള ഫാം ഉടമകളിൽ നിന്നും തേനീച്ച വളർത്തുന്നവരിൽ നിന്നും വിശദീകരണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. പ്രാദേശിക ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ഉൽപാദന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ കാര്‍മികത്വത്തില്‍ അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് അജ്മാന്‍ ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ പ്രദര്‍ശനം നടക്കുന്നത്.
ഈത്തപ്പഴം, നാടൻ തേൻ ഉൽപന്നങ്ങൾ എന്നിവയിൽ നിന്നുള്ള പലതരം മധുരപലഹാരങ്ങൾ കൂടാതെ ഫലപുഷ്ടിയുള്ള ഈന്തപ്പനകളും നാടൻ പഴങ്ങളുമടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട നിരവധി വര്‍ക്ക് ഷോപ്പുകളും പരമ്പരാഗത കലാപ്രകടനങ്ങളും മേളയോടനുബന്ധിച്ച് ദിവസവും അരങ്ങേറും. മേളയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.