സീനിയർ താരം സന്ദേശ് ജിങ്കാനൊപ്പം ദുബൈയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ യുവതാരങ്ങൾ
ദുബൈ: ശരാശരി 24 വയസ്സുള്ള 27 യുവാക്കളുമായാണ് ഇഗോർ സ്റ്റിമാക് എന്ന പരിശീലകൻ ഇന്ത്യൻ ഫുട്ബാൾ ടീമിനൊപ്പം യു.എ.ഇയിലേക്ക് വിമാനം കയറിയത്. ഇതിൽ 18 പേരും രാജ്യാന്തര ഫുട്ബാളിലെ ശിശുക്കൾ. ബാക്കിയുള്ളവരാകട്ടെ, ഇന്ത്യക്കായി ഫുട്ബാൾ കളിച്ചിട്ട് 492 ദിവസങ്ങളായി. സ്പോർട്സിന് നല്ല വളക്കൂറുള്ള ഇമാറാത്തി മണ്ണിൽ ഇന്ത്യൻ ഫുട്ബാളിെൻറ പുതുതലമുറയെ വിളയിച്ചെടുക്കുകയാണ് ഇഗോർ സ്റ്റിമാക്. രണ്ടു സൗഹൃദ മത്സരങ്ങൾ മാത്രമാണുള്ളതെങ്കിലും 18 പുതുമുഖതാരങ്ങൾക്കും അവസരം കൊടുക്കാനാണ് തീരുമാനം. ഇതിൽ 10 പേർ ഒമാനെതിരായ ആദ്യ മത്സരത്തിൽ ബൂട്ടണിഞ്ഞു. നാളെ ആതിഥേയരായ യു.എ.ഇക്കെതിരായ രണ്ടാം മത്സരംകൂടി കഴിയുന്നതോടെ എട്ടു താരങ്ങളുടെ സ്വപ്നംകൂടി പൂവണിയും. രാത്രി 8.15ന് ദുബൈ സബീൽ സ്റ്റേഡിയത്തിലാണ് മത്സരം.
ഐ.എസ്.എല്ലിൽ പയറ്റിത്തെളിഞ്ഞ ഒരുപറ്റം യുവാക്കളെ ദേശീയ ടീമിന് മുതൽക്കൂട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ഇന്ത്യൻ ടീമിെൻറ സെലക്ഷൻ ക്യാമ്പ് നടന്നത്. മലയാളി താരം മഷൂർ ഷരീഫ്, ആകാശ് മിശ്ര, ഇശാൻ പണ്ഡിത, ബിപിൻ സിങ്, ലിസ്റ്റൺ കൊലാകോ തുടങ്ങിയവരെല്ലാം ഐ.എസ്.എൽ വഴി ദേശീയ ക്യാമ്പിലെത്തിയതാണ്. ഒമാനെതിരായ ആദ്യ മത്സരം തന്നെ പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. താരങ്ങളെ മാറിമാറി പരീക്ഷിച്ച മത്സരത്തിൽ മഷൂർ ഷരീഫ്, ആകാശ് മിശ്ര, അശുതോഷ് മേഹ്ത, ചിങ്ലൻസന സിങ്, സുരേഷ് വാങ്ജാം, ബിപിൻ സിങ്, ജീക്സൺ സിങ്, ലാലങ്മാവിയ, മുഹമ്മദ് യാസിർ, ഇശാൻ പണ്ഡിത എന്നിവർ രാജ്യത്തിനുവേണ്ടി ആദ്യമായി ബൂട്ടണിഞ്ഞു.
ഇതിൽ ആറു പേരെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് കളിക്കാനിറങ്ങിയത്. ബാക്കിയുള്ളവരെ സബ്സ്റ്റിറ്റ്യൂഷനായി കളത്തിലിറക്കി. ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ഒമാനെതിരെ മികച്ച പ്രകടനമാണ് യുവനിര പുറത്തെടുത്തത്. ആദ്യ പകുതിയിൽ പരുങ്ങിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവ് നടത്തി. മുമ്പ് ആറുതവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഒമാനോട് തോറ്റ ചരിത്രമുള്ള ഇന്ത്യ, യുവനിരയെ വെച്ച് സമനില നേടിയത് ഏറെ കൈയടി നേടി. കോവിഡ് ബാധിച്ച നായകൻ സുനിൽ ഛേത്രി ഒഴിവായതോടെ സന്ദേശ് ജിങ്കാൻ, അനിരുദ്ധ് ഥാപ, ലാലിയാൻ സുവാല തുടങ്ങിയ സീനിയർ താരങ്ങളാണ് യുവനിരക്ക് കൂട്ടായുള്ളത്. ഒമാനെക്കാൾ കരുത്തരായ യു.എ.ഇയാണ് നാളെ എതിരാളി. അതുകൊണ്ടുതന്നെ മത്സരം കടുത്തതായിരിക്കും. ഏഷ്യ കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾ മുന്നിലുള്ളതിനാൽ ഇരുടീമും പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.