ഷാർജ: സുന്ദരന്മാരും സുന്ദരിമാരും ആകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. നമ്മുടെ സൗന്ദര്യ സങ്കൽപത്തിൽ വസ്ത്രധാരണ രീതികൾക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോരുത്തരുടെയും ശരീര ഘടനക്ക് യോജിച്ച വസ്ത്രം ധരിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.
ഓഫിസ്, പാർട്ടികൾ, ഇവന്റുകൾ, യാത്രകൾ, മീറ്റിങ്ങുകൾ തുടങ്ങി നമ്മൾ ഇടപെടുന്ന ഓരോ മേഖലകളിലും വസ്ത്രരീതികൾ വ്യത്യസ്തമായിരിക്കും. യാത്ര പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രമായിരിക്കില്ല നമ്മൾ ഓഫിസിലേക്ക് പോകുമ്പോൾ ഉപയോഗിക്കുന്നത്. അതുപോലെ പ്രത്യേക ഇവന്റുകളിൽ പങ്കെടുക്കുമ്പോഴും വീട്ടിലെത്തുമ്പോഴുമൊക്കെ വ്യത്യസ്തമായ രീതിയിലായിരിക്കും വസ്ത്രധാരണം. കാഷ്വൽ വസ്ത്രങ്ങളും എക്സിക്യൂട്ടിവ് വസ്ത്രങ്ങളും തമ്മിൽ വലിയ മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ പുതിയ കാലത്ത് ഫാഷൻ എന്നത് വലിയ സാധ്യതകളുള്ള ഒരു മേഖലയാണ്.
ഫാഷൻ രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും അതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ചുമൊക്കെ അറിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങളെങ്കിൽ ‘ഗൾഫ് മാധ്യമം’ കമോൺ കേരള വേദിയിലേക്ക് പോന്നോളൂ. ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരള അരങ്ങേറുന്നത്.
മേളയുടെ ഭാഗമായി ഒമ്പതാം തീയതി നടക്കുന്ന ‘ഫാഷൻ ഫ്യൂഷൻ’ പ്രോഗ്രാമിൽ ഫാഷന്റെ അനന്ത സാധ്യതകൾ ചർച്ച ചെയ്യാനെത്തുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ സ്റ്റഫി സേവ്യറാണ്.
ഡെയ്ലി ഡ്രസ് സെൻസിനെക്കുറിച്ചും പുതിയ ട്രൻഡിനെക്കുറിച്ചുമൊക്കെ സ്റ്റഫി സേവ്യർ സന്ദർശകരുമായി സംവദിക്കും. അതോടൊപ്പം ഫാഷൻ രംഗത്തുള്ള സംരംഭക സാധ്യതകൾ തേടുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വേദിയിൽ അവർ പങ്കുവെക്കും.
സ്റ്റഫി സേവ്യർ
പ്രേക്ഷകർക്ക് സംശയങ്ങൾ ചോദിക്കാനും പരസ്പരം സംവദിക്കാനും അവസരമുണ്ടാകും. ഒമ്പതാം തീയതി ഉച്ചക്കുശേഷം രണ്ടുമുതൽ മൂന്നുവരെയാണ് പരിപാടി.
cokuae.com/events/fashionfusion എന്ന വെബ് ലിങ്കിൽ കയറി സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കൂടാതെ വൈകീട്ട് ആറു മുതൽ ബീറ്റ്സ് ഓഫ് കേരള എന്ന പേരിൽ സംഗീത നിശയും അരങ്ങേറുന്നുണ്ട്.
യുവാക്കളുടെ താരമായ നടൻ നിവിൻ പോളിയുടെ സാന്നിധ്യത്തിൽ കേരളത്തിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനസന്ധ്യയും ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.